മോദി സര്‍ക്കാര്‍ പരാജയമെന്ന് മനുഷ്യാവകാശ സംഘടനകള്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരേ ശക്തമായ വിമര്‍ശനങ്ങളുമായി മനുഷ്യാവകാശ സംഘടനകള്‍. സുപ്രധാന അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്‍ര്‍നാഷനല്‍ എന്നിവയാണ് മത ന്യൂനപക്ഷങ്ങളുടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും കാര്യം ഇന്ത്യയില്‍ മോശമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിട്ടുള്ളത്. മതന്യൂനപക്ഷങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരായ അക്രമങ്ങളെ നേരിടുന്നതില്‍ മോദിസര്‍ക്കാര്‍ പരാജയമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് 659 പേജ് വരുന്ന വാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാരിനെയോ സര്‍ക്കാരിന്റെ വികസന പദ്ധതികളെയോ വിമര്‍ശിക്കുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെയും സര്‍ക്കാരിതര സംഘടനകള്‍ക്ക് വരുന്ന വിദേശ സംഭാവനകള്‍ തടയുന്നതിനെയും റിപോര്‍ട്ട് വിമര്‍ശിക്കുന്നുണ്ട്. വിമര്‍ശന സ്വരങ്ങള്‍ക്ക് നേരെ 2015ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങള്‍ രാജ്യത്തിന്റെ സമ്പന്നവും സുദീര്‍ഘവുമായ സ്വതന്ത്ര ആവിഷ്‌കാര പാരമ്പര്യത്തെ തകര്‍ത്തുവെന്ന് സംഘടനയുടെ ദക്ഷിണേഷ്യാ മേധാവിയും ഇന്ത്യക്കാരിയുമായ മീനാക്ഷി ഗാംഗുലി പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോ ജനകീയമല്ലാത്തതോ ന്യൂനപക്ഷ അനുകൂലമോ ആയ വാദങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹം, അപവാദം, വിദ്വേഷ പ്രസംഗം തുടങ്ങിയ വകുപ്പുകള്‍ നടപ്പാക്കി  പീഡിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇത്തരം ആവിഷ്‌കാരങ്ങളെ നിഷേധിക്കുന്ന തിനും പ്രതികാരം ചെയ്യുന്നതിനും പകരം സഹിഷ്ണുതയും സമാധാനപരമായ സംവാദങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് അധികാരികള്‍ ചെയ്യേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാക്കള്‍ കഴിഞ്ഞ വര്‍ഷം പലപ്പോഴായി നടത്തിയ മുസ്്‌ലിം വിരുദ്ധ പരാമര്‍ശങ്ങളെയും അവര്‍ വിമര്‍ശിച്ചു. ഇത് ആശങ്കാജനകമാണെന്നും മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സുരക്ഷിതത്വമില്ലായ്മ സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രസ്താവന പറഞ്ഞു. ഗുജറാത്തില്‍ 2002ല്‍ നടന്ന സാമുദായിക കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ടീസ്ത സെറ്റില്‍വാദ്, ജാവേദ് ആനന്ദ് തുടങ്ങിയവരെ ദേശവിരുദ്ധരായി മുദ്ര കുത്തുന്ന അധികാരികളുടെ പ്രവര്‍ത്തനങ്ങള്‍ സമാനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റുള്ളവരെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും പ്രസ്താവന പറഞ്ഞു.ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന് സമാനമായ ആരോപണങ്ങളാണ് ആംനസ്റ്റിയും മോദി സര്‍ക്കാരിനെതിരെ ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയലാഭം മുന്നില്‍ വച്ചുകൊണ്ട് മോദി സര്‍ക്കാര്‍ ആക്റ്റിവിസ്റ്റുകളെയും പ്രതിഷേധ സംഘങ്ങളെയും ഉന്നംവയ്ക്കുകയാണെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി. ഗ്രീന്‍പീസ്, ഫോര്‍ഡ് ഫൗണ്ടേഷന്‍ തുടങ്ങിയ സര്‍ക്കാരിതര സംഘടനകള്‍ക്കെതിരായ മോദി സര്‍ക്കാരിന്റെ നടപടികളും  മനുഷ്യാവകാശ സംഘടനകളുടെ വിമര്‍ശനത്തിനിരയായിട്ടുണ്ട്.
Next Story

RELATED STORIES

Share it