മോദി സര്‍ക്കാര്‍ തൊഴില്‍നിയമങ്ങള്‍ ദുര്‍ബലമാക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ സംബന്ധമായ നിയമങ്ങള്‍ ദുര്‍ബലമാക്കാനുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലാളികള്‍ക്കു നേരെ ഒരു വലിയ കടന്നാക്രമണത്തിന് മോദി തുടക്കം കുറിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങിളില്‍ കൊണ്ടുവന്നിട്ടുള്ള പുതിയ തൊഴില്‍ നിയമങ്ങള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ ബില്ല് വിഷയത്തില്‍ കര്‍ഷകര്‍ക്കു വേണ്ടി പോരാടിയതുപോലെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും കോണ്‍ഗ്രസ് പോരാടും. ന്യൂഡല്‍ഹിയില്‍ നടന്ന ഐഎന്‍ടിയുസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ്-ബിജെപി, നരേന്ദ്ര മോദി എന്നിവര്‍ക്കെതിരേയും കോണ്‍ഗ്രസ് പോരാടും. കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടിയ രീതിയില്‍ തന്നെ തൊഴിലാളികള്‍ക്കു വേണ്ടി പോരാടുകയും അവരോടൊപ്പം നില്‍ക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ഒരിഞ്ചു പോലും പിന്മാറില്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ ഉല്‍പ്പാദക കേന്ദ്രമാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആശയത്തോടു യോജിക്കുന്നു. എന്നാല്‍, മോദി പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമാണു ചെയ്യുന്നത്. ആത്മാര്‍ഥയില്ലാത്തവരും അലസന്മാരും ആയിട്ടാണ് നമ്മുടെ രാജ്യത്തെ തൊഴിലാളികളെ മോദി കാണുന്നത്.
രാജ്യത്തെ തൊഴിലാളികള്‍ അലസന്മാരും ആത്മാര്‍ഥതയില്ലാത്തവരും ആണെന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. നമ്മുടെ തൊഴിലാളികള്‍ ഭീതിയിലാണ്. അവരുടെ ഭാവിയെക്കുറിച്ചും അവരുടെ മക്കളുടെ ഭാവിയെക്കുറിച്ചും അവര്‍ ആശങ്കയിലാണ്. ഇന്നുള്ള ജോലി നാളെ ഉണ്ടാവുമോ എന്ന ആശങ്കയിലാണു തൊഴിലാളികള്‍. നാളെ തങ്ങളുടെ തൊഴില്‍ശാല തുറക്കുമോ എന്ന ഭയത്തിലാണ് ഓരോ തൊഴിലാളിയുടെയും ദിവസങ്ങള്‍ മുന്നോട്ടുപോവുന്നത്.
തൊഴിലാളികള്‍ക്കു പ്രയാസമുണ്ടാക്കുന്ന തരത്തില്‍ തൊഴില്‍നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണ് മോദി ചെയ്യുന്നത്. തൊഴില്‍നിയമങ്ങളെയും തൊഴിലാളി സംഘടനകളെയും ദുര്‍ബലമാക്കിയാല്‍ തൊഴിലാളികളെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കാമെന്നാണ് മോദി ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Next Story

RELATED STORIES

Share it