മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭവുമായി സിപിഎം

തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭമുയര്‍ത്താന്‍ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 206 ഏരിയാ കേന്ദ്രങ്ങളിലെയും കേന്ദ്രസര്‍ക്കാര്‍ ഓഫിസിനു മുന്നില്‍ ജൂലൈ 12ന് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
മോദി അധികാരത്തില്‍ വന്നശേഷം ഭക്ഷ്യസാധനങ്ങളുടെ വിലയുള്‍പ്പെടെ അവശ്യസാധന വിലകള്‍ വീണ്ടും കുതിച്ചുയരുകയാണ്. ഉപഭോക്തൃ ഭക്ഷ്യവിലക്കയറ്റം ഒരു വര്‍ഷത്തിനിടെ 7.55 ശതമാനം എന്നതാണ് മാധ്യമ റിപോര്‍ട്ടുകള്‍. ഇത് 21 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ 6 ആഴ്ചയ്ക്കിടെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില 4 തവണയാണു വര്‍ധിപ്പിച്ചത്. ജനങ്ങള്‍ക്കുമേല്‍ കടുത്ത ബാധ്യത അടിച്ചേല്‍പ്പിച്ചാണ് സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുന്നത്. പ്രധാനമന്ത്രിയായി മോദിയെ ഉയര്‍ത്തിക്കാട്ടിയുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ 2 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ബിജെപി വാഗ്ദാനം ചെയ്തിരുന്നത്.
എന്നാല്‍, തൊഴില്‍സാധ്യത കൂടിയ 8 വ്യവസായങ്ങളില്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടെ പുതിയ തൊഴിലുകള്‍ ഏറ്റവും കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും പുതുതായി 1.3 കോടി ചെറുപ്പക്കാര്‍ പൊതുവിപണിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍പ്പോലും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍കരണത്തിലേക്കും ഓഹരികള്‍ വിറ്റഴിക്കലിലേക്കുമാണ് മോദി സര്‍ക്കാര്‍ കടന്നിരിക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പശ്ചിമബംഗാളില്‍ വ്യാപകമായ അക്രമങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ടിഎംസി നടത്തുന്നത്. ക്രൂരമായ അതിക്രമങ്ങളിലും ജനാധിപത്യനിഷേധത്തിലും പ്രതിഷേധിക്കുന്നതിനും പശ്ചിമബംഗാളിലെ പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും ആഗസ്ത് 1 മുതല്‍ 7 വരെ ബംഗാള്‍ ഐക്യദാര്‍ഢ്യവാരം ആചരിക്കും. ഈ തിയ്യതികളില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ദേശീയനേതാക്കള്‍ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. എകെജി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എ വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it