മോദി വികസന കാപട്യമുയര്‍ത്തി വര്‍ഗീയത മൂടുന്നു: സോണിയ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വികസന കാപട്യം ഒരു ശൈലിയായി ഉപയോഗിച്ച് വര്‍ഗീയത മൂടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ശിശുദിനത്തില്‍ സംഘടിപ്പിച്ച നെഹ്‌റു അനുസ്മരണച്ചടങ്ങിലാണു സോണിയ കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. ചില സംഘടനകളുടെ ഇപ്പോഴത്തെ നിലപാട് ഗാന്ധിജിയോട് ക്വിറ്റ് ഇന്ത്യ' എന്നു പറയുന്ന തരത്തിലാണ്. ഇവരാണ് മുസ്‌ലിംലീഗിനൊപ്പം 1942ല്‍ ഇന്ത്യാ വിഭജനത്തിനായി വാദിച്ചത് എന്നും ആര്‍എസ്എസിന്റെ പേരെടുത്തു പറയാതെ സോണിയ പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുതയുടെ സാഹചര്യമാണു നിലനില്‍ക്കുന്നതെന്നും വ്യത്യസ്ത വിശ്വാസം കൊണ്ടുനടക്കുന്നതിന്റെ പേരില്‍ ജനങ്ങള്‍ ആസൂത്രിതമായി ആക്രമിക്കപ്പെടുകയാണെന്നും ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സോണിയ പറഞ്ഞു.
ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ആത്മാഭിമാനത്തിനായി നെഹ്‌റു നല്‍കിയ ത്യാഗങ്ങള്‍ വലുതായിരുന്നു. എന്നാല്‍ ഈ ത്യാഗങ്ങള്‍ ഇന്നു ദേശീയവാദികള്‍ എന്ന് അറിയപ്പെടുന്ന ചില ആളുകളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇന്നത്തെ ഈ ദേശീയവാദികള്‍ രാജ്യസ്‌നേഹികളെയും അല്ലാത്തവരെയും വേര്‍തിരിച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ നടക്കുകയാണെന്നും അവര്‍ പറഞ്ഞു. നെഹ്‌റുവടക്കമുള്ള നേതാക്കള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുമ്പോള്‍ ഇന്നത്തെ ഭരണകൂടത്തിന്റെ ആദര്‍ശപുരുഷന്‍മാര്‍ സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുകയോ തങ്ങളുടെ ബ്രിട്ടിഷ് മേലാളന്‍മാര്‍ക്ക് സ്തുതിഗീതങ്ങള്‍ പാടുകയോ ആയിരുന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നഹ്‌റുവിന്റെ മനസ്സ് രാജ്യത്തെ പൗരന്‍മാര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഇന്നത് ഒരു റേഡിയോ പ്രക്ഷേപണം മാത്രമായി ഒതുങ്ങിയെന്ന് മോഡിയുടെ മന്‍ കി ബാത്തിനെ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു.
വിദേശയാത്രയിലുടനീളം ഇന്ത്യയില്‍ അസഹിഷ്ണുത വച്ചുപൊറുപ്പിക്കില്ല എന്നു പറയുന്ന പ്രധാനമന്ത്രി ദാദ്രി സംഭവത്തിലും ഹരിയാനയില്‍ ദലിത് കുട്ടികള്‍ വധിക്കപ്പെട്ടതിലും മൗനംപാലിച്ചുവെന്നു ചടങ്ങില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. രാഷ്ട്രനിര്‍മാണത്തില്‍ നെഹ്‌റുവിന്റെ പങ്കിനെക്കുറിച്ചു ചില ശക്തികള്‍ ആശയക്കുഴപ്പം പടര്‍ത്തുകയാണെന്നു മന്‍മോഹന്‍ സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it