മോദി ഭരണത്തില്‍ ദലിത് വിരുദ്ധ ആക്രമണങ്ങളില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് ദലിതുകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ധനയെന്ന് റിപോര്‍ട്ട്. നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുപ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 47,064 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
2013ല്‍ 39,408ഉം 2012ല്‍ 33,655ഉം കേസുകളാണ് ദലിതുകള്‍ക്കു നേരെ മേല്‍ജാതിക്കാര്‍ നടത്തിയ ആക്രമണങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 7656 കേസുകളുടെ വര്‍ധനയാണ് 2013നെ അപേക്ഷിച്ച് 2014ല്‍ ഉണ്ടായത്. അതായത് 19 ശതമാനത്തിന്റെ വര്‍ധന. 744 ദലിതുകളാണ് മേല്‍ജാതിക്കാരുടെ ആക്രമണത്തിനിരയായി കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. 2013ല്‍ ഇത് 676 ആയിരുന്നു.
ജാതി ആക്രമണങ്ങള്‍ ഏറ്റവും അധികം റിപോര്‍ട്ട് ചെയ്തിരിക്കുന്നതു ഹരിയാനയിലാണ്. പത്തു വര്‍ഷത്തിനിടെ 271 ശതമാനത്തിന്റെ വര്‍ധനയാണ് ഇവിടെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹരിയാനയില്‍ മാത്രം 21 ദലിതുകളാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. 2014ല്‍ 23.4 ശതമാനം ദലിതുകളും ജാതി പീഡനത്തിനിരയായിട്ടുണ്ട്. 2013ല്‍ ഇത് 19.57 ശതമാനമായിരുന്നു. 2014ല്‍ 2233 ദലിത് യുവതികള്‍ ബലാല്‍സംഗത്തിനിരയായി. 2073, 1576 എന്നീ ക്രമത്തിലായിരുന്നു 2013ലും 2012ലും ലൈംഗീക പീഡനത്തിനിരയായ ദലിത് യുവതികളുടെ എണ്ണം.മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവയാണ് ഹരിയാനയ്ക്കു പിന്നാലെയുള്ള സംസ്ഥാനങ്ങള്‍.കഴിഞ്ഞ ദിവസം ഹരിയാനയിലെ ഫരീദാബാദില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 11 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയും രണ്ടു വയസ്സുള്ള ആണ്‍കുട്ടിയെയും മേല്‍ജാതിക്കാരായ ഒരു സംഘം ചുട്ടുകൊന്നിരുന്നു.
കൈയില്‍ വാച്ചുകെട്ടിയതിനാണ് ഒരു ദലിത് യുവാവിന്റെ കൈ മേല്‍ജാതിക്കാര്‍ വെട്ടിമാറ്റിയത്. മൊബൈല്‍ഫോണില്‍ അംബേദ്ക്കറെ കുറിച്ചുള്ള ഗാനം റിങ്‌ടോണ്‍ ആക്കിയതിനായിരുന്നു മറ്റൊരു യുവാവു കൊല്ലപ്പെട്ടത്.
എന്‍സിആര്‍ബിയുടെ കണക്കു പ്രകാരം 2014ല്‍ ദലിതുകള്‍ക്കെതിരായ ആക്രമണങ്ങളില്‍ 92.3 ശതമാനത്തിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, വെറും 28.8 ശതമാനത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 2013ല്‍ ഉത്തര്‍പ്രദേശില്‍ മാത്രം 222 ദലിതുകള്‍ ജാതീയ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്. രാജസ്ഥാന്‍ (76), ആന്ധപ്രദേശ് (53), ബിഹാര്‍ (50), കര്‍ണാടക(31), ഗുജറാത്ത് (29) എന്നിങ്ങനെയാണ് 2013ല്‍ കൊല്ലപ്പെട്ട ദ—ലിതുകളുടെ എണ്ണം.
Next Story

RELATED STORIES

Share it