മോദി ഭരണം ഹിറ്റ്‌ലറുടേതിന് തുല്യം: യെച്ചൂരി

മുംബൈ: ചരിത്രത്തില്‍ ബിജെപി സര്‍ക്കാരിന് സമാനമായ ഭരണം ഹിറ്റ്‌ലറുടെ ഫാഷിസ്റ്റ് ഭരണകൂടമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ദേശീയതയെക്കുറിച്ചുള്ള സംവാദം ബിജെപിയും ആര്‍എസ്എസും അവരുടെ 'ഹിന്ദുത്വരാഷ്ട്ര' അജണ്ട ഉല്‍പാദിപ്പിക്കാനുള്ള വേദിയാക്കിമാറ്റുകയാണ്. ജനാധിപത്യ, മതേതരത്വ റിപബ്ലിക്കായ രാഷ്ട്രത്തെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റാനാണവര്‍ ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ദേശീയതാ വികാരം അവര്‍ ദുരുപയോഗം ചെയ്യുന്നു. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാനോ അവര്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാനോ സര്‍ക്കാരിന് കഴിയുന്നില്ല. ഇത് മറച്ചുപിടിക്കാനാണ് അവര്‍ രാജ്യസ്‌നേഹത്തെക്കുറിച്ച് സംസാരിക്കുന്നത്.
പൊതുമേഖലാ ബാങ്കുകള്‍ തകര്‍ത്ത് സ്വകാര്യബാങ്കുകളെ പ്രോല്‍സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആറു ലക്ഷം കോടി രൂപയാണ് കിട്ടാക്കടം. രണ്ടു വര്‍ഷത്തെ മോദി ഭരണത്തില്‍ കര്‍ഷക ആത്മഹത്യ 26 ശതമാനം വര്‍ധിച്ചു. അസംസ്‌കൃത എണ്ണയ്ക്ക് വന്‍തോതില്‍ വില കുറഞ്ഞിട്ടും അതിന്റെ ഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. ജനങ്ങളുടെ നിരാശ വലിയ പ്രക്ഷോഭമായി വളരുമെന്നവര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണവര്‍ ദേശീയതാ സംവാദവുമായി രംഗത്തെത്തിയത്- യെച്ചൂരി പറഞ്ഞു.
ജെഎന്‍യുവിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ആരോപണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ജെഎന്‍യു പ്രഗല്ഭന്മാരെ വളര്‍ത്തിയെടുക്കുന്ന സ്ഥാപനമാണെന്ന് യെച്ചൂരി പറഞ്ഞു. മികവുറ്റ ഇന്ത്യക്കു വേണ്ടി പോരാടുന്ന ഭടന്മാരാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്രിട്ടിഷ് ഭരണം അവസാനിച്ചതുപോലെ മോദി ഭരണത്തിന് ഒരു അന്ത്യമുണ്ടാവുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരിക്കൊപ്പം പങ്കെടുത്ത സിപിഐ നേതാവ് ഡി രാജ പറഞ്ഞു. ഇന്ത്യ മതേതര ജനാധിപത്യ റിപബ്ലിക്കാണ്. അത് ഹിന്ദുത്വരാഷ്ട്രമാണെന്നു പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കനയ്യകുമാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഉല്‍പന്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it