മോദി പരിഹാസം: പുസ്തക നിരോധന ഹരജി തള്ളി

അഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന ഗുജറാത്തി പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. ജയേഷ് ഷാ രചിച്ച ഫുക്കുജി ഹാവ് ദില്ലിമാ എന്ന പുസ്തകം നിരോധിക്കാനാണ് കോടതി വിസമ്മതിച്ചത്. പുസ്തകം നിരോധിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ ലംഘനമാവുമെന്ന് ഭരണഘടനയുടെ ഒമ്പതാം അധ്യായം ഉദ്ധരിച്ച് സിവില്‍ കോടതി ജഡ്ജി എ എം ദാവെ വ്യക്തമാക്കി.
2014ലെ ലോക്‌സഭാ പ്രചാരണവേളയില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പട്ടിക പുസ്തകം നിരത്തുന്നുണ്ട്. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ മോദി പരാജയപ്പെട്ടെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. സാമൂഹിക പ്രവര്‍ത്തകനായ നരസിംഹ സോളങ്കിയാണ് പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പുസ്തകം മോദിയെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് ഹരജിക്കാരന്‍ വാദിച്ചു. അപകീര്‍ത്തികരമായ പുസ്തകത്തിന്റെ ശീര്‍ഷകം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നും സോളങ്കി ഹരജിയില്‍ പറഞ്ഞു.
മോദി അധികാരത്തില്‍ വന്നിട്ട് രണ്ടു വര്‍ഷമേ ആയുള്ളൂവെന്നും അതിനകം വാഗ്ദാനങ്ങള്‍ നിറവേറ്റാനാവില്ലെന്നും ഹരജിക്കാരന്‍ പറഞ്ഞു. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നു കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it