മോദിയെ വാഴ്ത്തി സിപിഎം ബ്രാഞ്ച് സെക്രട്ടറി: മൂന്നംഗ കമ്മീഷന്‍ അന്വേഷിക്കും

മണ്ണാര്‍ക്കാട്: നരേന്ദ്ര മോദിയെ വാഴ്ത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നടപടിയെക്കുറിച്ചന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മീഷന്‍. സിപിഎം നമ്പിയംകുന്ന് ബ്രാഞ്ച് സെക്രട്ടറി അഡ്വ. പി ആര്‍ ജയകൃഷ്ണന്റെ പ്രവൃത്തിയെക്കുറിച്ചന്വേഷിക്കുന്നതിനാണ് സിപിഎം മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
നരേന്ദ്ര മോദിയുടെ ഭരണ നേട്ടങ്ങളെ വാഴ്ത്തുന്ന വാട്ട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചു, ആര്‍എസ്എസ് നടത്തിയ പരിപാടിയില്‍ പങ്കെടുത്തു, നഗരസഭ തിരഞ്ഞെടുപ്പില്‍ പെരിമ്പടാരി ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരേ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തി എന്നീ കുറ്റങ്ങളാണ് ജയകൃഷ്ണനെതിരേയുള്ളത്.
തെളിവെടുപ്പ് നടത്തിയ കമ്മീഷനു മുന്നില്‍ ആര്‍എസ്എസ് പരിപാടിയിലല്ല പങ്കെടുത്തത് മറിച്ച് ക്ഷേത്ര സംരക്ഷണ സന്ദേശ ജാഥയില്‍ ആണ് പങ്കെടുത്തതെന്നാണ് ജയകൃഷ്ണന്റെ വിശദീകരണം. 20 വര്‍ഷമായി പോത്തോഴിക്കാവ് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റാണ്. ആ നിലയിലാണ് ക്ഷേത്രഭരണ സമിതിയുടെ ജാഥയില്‍ പങ്കെടുത്തത്. ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു പങ്കുമില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ജയകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയെ വാഴ്ത്തിയ സന്ദേശം പങ്കുവച്ചത് അംഗീകരിക്കുന്നുവെന്നും അതില്‍ കുറ്റബോധമില്ലെന്നുമാണ് ജയകൃഷ്ണന്റെ വിചിത്ര വാദം. മണ്ണാര്‍ക്കാട്ടെ ബിജെപി നേതൃത്വത്തിന്റെ പരാജയം മൂലമാണ് 5 വര്‍ഷം മുമ്പ് താന്‍ ബിജെപി വിട്ട് സിപിഎമ്മില്‍ എത്തിയതെന്നും മടങ്ങി പോവുന്നതിനെക്കുറിച്ച് ആലോചിട്ടില്ലെന്നും ജയകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it