മോദിയെ തരംതാഴ്ത്തി ശിവസേനയുടെ പോസ്റ്റര്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴ്ത്തിക്കെട്ടി മുംബൈയില്‍ ശിവസേനയുടെ പോസ്റ്റര്‍. പരമ്പരാഗതമായി നടക്കുന്ന ദസറ റാലിയോടനുബന്ധിച്ച് ദാദറിലുള്ള സേനയുടെ ആസ്ഥാനത്ത് കിഴക്കന്‍ മുംബൈ യൂനിറ്റ് സ്ഥാപിച്ച പോസ്റ്ററിലാണ് സേനയുടെ മുന്‍ മേധാവി ബാല്‍താക്കറെയ്ക്കു മുമ്പില്‍ തല കുമ്പിട്ടു നില്‍ക്കുന്ന മോദിയുടെ ചിത്രമുള്ളത്.
ബാലെസാഹിബിന്റെ കാല്‍ക്കല്‍ ആദരവോടെ തല കുമ്പിട്ട്‌നിന്ന ദിനങ്ങള്‍ മോദി മറന്നുപോയോ എന്ന് ചിത്രത്തിനടിയില്‍ കുറിച്ചിട്ടുമുണ്ട്. വിവാദ പോസ്റ്ററിനെക്കുറിച്ച് വളരെ ലാഘവത്തോടെയാണ് സേനാവൃത്തങ്ങള്‍ പ്രതികരിച്ചത്. ഏതെങ്കിലും ക്ഷുഭിതനായ പ്രവര്‍ത്തകന്റെ പണിയായിരിക്കുമെന്നാണ് സേനാ നേതാവ് ഉദ്ദവ് താക്കറെയുടെ അടുത്ത അനുയായി പറഞ്ഞത്. പാര്‍ട്ടി ഔദ്യോഗികമായി പോസ്റ്റര്‍ സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റര്‍ നീക്കുമെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. ഭാവിയില്‍ ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ മോദിയുടെ മുമ്പില്‍ താണുവണങ്ങുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നാണ് ഇതുസംബന്ധിച്ച് ബിജെപി വക്താവ് ഗിരീഷ് വ്യാസ് പരിഹാസരൂപത്തില്‍ പറഞ്ഞത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ചതോടെയാണ് സേനയും ബിജെപിയും തമ്മില്‍ അകന്നത്. തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന ശേഷം വളരെ പ്രയാസപ്പെട്ട് ഇരുകക്ഷികളും ഒന്നിച്ചെങ്കിലും ബന്ധത്തിലെ അകല്‍ച്ച തുടരുകയാണ്. അടുത്തകാലത്ത് പ്രശസ്ത പാക് ഗായകന്‍ ഗുലാം അലിയുടെ പരിപാടി റദ്ദാക്കിയതും ഇന്ത്യാ പാക് ക്രിക്കറ്റ് മേധാവികളുടെ ചര്‍ച്ച തടഞ്ഞതും മുന്‍ ബിജെപി സൈദ്ധാന്തികന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍ കരിഓയല്‍ ഒഴിച്ചതുമൊക്കെ ഇരുകക്ഷികളും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it