മോദിയുടെ സന്ദര്‍ശനം: റോക്ക് ഗാര്‍ഡന്‍ ശില്‍പിയുടെ മകനെ പുറത്താക്കി

ചണ്ഡീഗഡ്: പ്രശസ്തമായ റോക്ക് ഗാര്‍ഡനില്‍ നിന്ന് ശില്‍പി നേക് ചന്ദിന്റെ മകന്‍ അനുജ് സൈനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദിന്റെയും സന്ദര്‍ശനത്തിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കി. അധികൃതര്‍ നല്‍കിയ പാസുണ്ടായിട്ടും മോദി എത്തുന്നതിന് 10 മിനിറ്റ് മുമ്പ് ഉദ്യാനത്തില്‍ നിന്ന് തന്നെ പുറത്താക്കുകയായിരുന്നുവെന്ന് സൈനി പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലെ എഐജി ബാല്‍വാള്‍ സിങാണ് തന്നെ പുറത്താക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു. സ്വന്തം വീട്ടില്‍ നിന്നു പുറത്താക്കിയ അനുഭവമാണ് തനിക്കുണ്ടായതെന്ന് സൈനി പറഞ്ഞു.
പൊട്ടിയ പിഞ്ഞാണക്കഷണങ്ങള്‍, കേടുവന്ന വൈദ്യുതി ഉപകരണങ്ങള്‍, കുപ്പിവളത്തുണ്ടുകള്‍, ടൈല്‍ കഷ്ണങ്ങള്‍, സൈക്കിളിന്റെ കേടുവന്ന ഭാഗങ്ങള്‍ തുടങ്ങിയ പാഴ്‌വസ്തുക്കളുപയോഗിച്ച് 40 ഏക്കര്‍ സ്ഥലത്ത് നേക് ചന്ദ് സൈനി നിര്‍മിച്ച റോക്ക് ഗാര്‍ഡന്‍ 1976ലാണ് ഉദ്ഘാടനം ചെയ്തത്. വര്‍ഷത്തില്‍ രണ്ടരലക്ഷം സന്ദര്‍ശകരെത്തുന്ന റോക്ക് ഗാര്‍ഡന്റെ വാര്‍ഷിക വരുമാനം 1.8 കോടി രൂപയാണ് 90ാം വയസ്സില്‍ കഴിഞ്ഞ ജൂണിലാണ് നേക് ചന്ദ് മരിച്ചത്.
കനത്ത സുരക്ഷയിലാണ് ഫ്രഞ്ച് പ്രസിഡന്റും മോദിയും റോക്ക് ഗാര്‍ഡന്‍ സന്ദര്‍ശിച്ചത്. 20 മിനിറ്റ് ഗാര്‍ഡന്‍ വീക്ഷിച്ചശേഷം രണ്ടുപേരും അടുത്തുള്ള കാപിറ്റോള്‍ കോംപ്ലക്‌സും സര്‍ക്കാര്‍ മ്യൂസിയവും ആര്‍ട്ട് ഗാലറിയും സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it