മോദിയുടെ വേദി ഗോതമ്പ് പാടത്ത്; എതിര്‍പ്പുമായി കര്‍ഷകര്‍

ഹാജിപൂര്‍: പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് വേദിയൊരുക്കുന്നതിന് മൂപ്പെത്താത്ത ഗോതമ്പ് പാടം നശിപ്പിക്കാന്‍ കര്‍ഷകര്‍ വിസമ്മതിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലുള്ള സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലെ 60 ഏക്കറോളം വരുന്ന ഗോതമ്പുപാടമാണ് നശിപ്പിക്കാന്‍ കര്‍ഷകരോടാവശ്യപ്പെട്ടത്.
ചില റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനമടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് ഈ മാസം 12ന് പ്രധാനമന്ത്രിയെത്തുന്നത്. ഹാജിപൂര്‍ സബ്ഡിവിഷനല്‍ ഓഫിസര്‍ രവീന്ദ്രകുമാര്‍ കഴിഞ്ഞ രണ്ടുദിവസമായി സ്ഥലത്ത് ക്യാംപ് ചെയ്ത് വേദിയുടെ ആവശ്യകതയെ കുറിച്ച് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.
പാടത്തെ ഗോതമ്പ് തങ്ങള്‍ക്കു മക്കളെപ്പോലെയാണെന്നും മക്കളെ ബലിനല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണു കര്‍ഷകരിലൊരാളായ രാജാറാം റായി പറഞ്ഞത്. കര്‍ഷകരുടെ എതിര്‍പ്പുമൂലം വേദി മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് രചന പാട്ടീല്‍ പറഞ്ഞു.
വിവിധ റെയില്‍, റോഡ്, പാലങ്ങള്‍ എന്നിവയുടെ ഉദ്ഘാടനച്ചടങ്ങില്‍ മോദിയോടൊപ്പം റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും സഹമന്ത്രി മനോജ് സിന്‍ഹയും പങ്കെടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it