മോദിയുടെ വേദിയില്‍ ക്രിസ്ത്യന്‍-മുസ്‌ലിം നേതാക്കളെ അണിനിരത്താനുള്ള ശ്രമം പാളി

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന നരേന്ദ്രമോദിയുടെ തൃശൂരിലെ വേദിയില്‍ ക്രിസ്ത്യന്‍ - മുസ്‌ലിം നേതാക്കളെ അണിനിരത്താനുള്ള ബിജെപിയുടെ ശ്രമം പാളി. ഒരു മാസത്തോളമായി പാര്‍ട്ടി നേതാക്കള്‍ ഇതിനുവേണ്ടി ശ്രമിച്ചു വരികയായിരുന്നു. സാംസ്‌കാരിക തലസ്ഥാനത്തെ ബിജെപി പൊതുയോഗത്തില്‍ ഇതര മത നേതാക്കളെ അണിനിരത്തി പാര്‍ട്ടി പ്രതിച്ഛായ വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വമാണ് നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ചാണ് മുസ്‌ലിം - ക്രിസ്ത്യന്‍ നേതാക്കളെ തേടി പാര്‍ട്ടി ഭാരവാഹികള്‍ നീക്കമാരംഭിച്ചത്. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തടക്കമുള്ള രൂപതാ നേതാക്കളെ ക്ഷണിച്ചെങ്കിലും അവരാരും വരാന്‍ തയ്യാറായില്ല. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളടങ്ങിയ സംഘമാണ് അരമനയിലെത്തി ബിഷപ്പിനോട് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടണമെന്ന് ആവശ്യപ്പെട്ടത്.
എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിക്ക് പോകാറില്ലെന്ന് പറഞ്ഞ് ബിഷപ്പ് ക്ഷണം നിരസിക്കുകയായിരുന്നു. മറ്റ് ചില ക്രിസ്ത്യന്‍ സഭകളുടെ നേതാക്കളെ ക്ഷണിച്ചെങ്കിലും അവരും ഇതേ നിലപാട് തന്നെ സ്വീകരിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ ഒരു തങ്ങള്‍ കുടുംബാംഗത്തെയും ആലുവയിലെ ത്വരീഖത്ത് നേതാവിനെയും മുന്‍നിര്‍ത്തി മുസ്‌ലിം സമൂഹത്തിലെ നേതാക്കളെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒറ്റ തിരിഞ്ഞ് മതപ്രബോധന രംഗത്ത് നിലയുറപ്പിച്ചവരെയാണ് പ്രധാനമായും ലക്ഷ്യം വച്ചത്. ഇതിനായി നേതാക്കള്‍ കാസര്‍കോട്, വടകര, കോഴിക്കോട്, ആലുവ എന്നിവിടങ്ങളില്‍ പോവുകയും ചെയ്തിരുന്നു. എന്നാല്‍ ആരും വരാന്‍ തയ്യാറായില്ലെന്നാണ് വിവരം. സാഹിത്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖരെ വേദിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതും വിഫലമാവുകയായിരുന്നു.
തേക്കിന്‍കാട് മൈതാനിയില്‍ ആളെ കൂട്ടാന്‍ സിനിമാ നടന്‍ സുരേഷ്‌ഗോപിയെ എത്തിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ അതും സാധിക്കാതെ പോയി. തൃശൂരില്‍ സിനിമാ രംഗവുമായി ബന്ധമുള്ള മറ്റുചിലരെ സമീപിച്ചെങ്കിലും അവരും ഒഴിഞ്ഞ് മാറുകയായിരുന്നു.
Next Story

RELATED STORIES

Share it