മോദിയുടെ വിദ്യാഭ്യാസ യോഗ്യത; ഹരജിക്കാര്‍ക്ക് വിവരം നല്‍കണം: സിഐസി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി). ഡല്‍ഹി, ഗുജറാത്ത് സര്‍വകലാശാലകളും പ്രധാനമന്ത്രിയുടെ ഓഫിസും വിവരങ്ങള്‍ പുറത്തുവിടണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താന്‍ സര്‍വകലാശാലകളും അദ്ദേഹത്തിന്റെ ഓഫിസും നേരത്തെ വിസമ്മതിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത പരസ്യമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ എം ശ്രീധര്‍ ആചാര്യലുവിന്റെ നടപടി. പ്രധാനമന്ത്രിക്ക് ബിരുദമില്ലെന്ന ആരോപണം വ്യാപകമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സത്യമറിയാന്‍ അവകാശമുണ്ട്. എന്നാല്‍, അത് പുറത്തുവിടാന്‍ നിങ്ങള്‍ വിസമ്മതിച്ചിരിക്കുന്നു. എങ്ങനെയാണ് അത് നിങ്ങള്‍ക്ക് നിഷേധിക്കാനാവുകയെന്നും അത് തെറ്റാണെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന് നല്‍കിയ കത്തില്‍ കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസയോഗ്യത അന്വേഷിച്ചുള്ള വിവരാവകാശ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫിസിന് പുറമെ അദ്ദേഹം പഠിച്ചുവെന്നവകാശപ്പെടുന്ന സര്‍വകലാശാലകളും തള്ളിയത് വിവാദമായിരുന്നു.
2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് മോദി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദവും നേടിയിരുന്നു എന്നാണ് അറിയിച്ചിരുന്നത്.
Next Story

RELATED STORIES

Share it