മോദിയുടെ യാത്രയില്‍ ലഭിച്ച വിദേശ നിക്ഷേപത്തിന്റെ കണക്ക് ലഭ്യമല്ല

മധുര: പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന്റെ ഫലമായി രാജ്യത്തിനു ലഭിച്ച വിദേശ നിക്ഷേപത്തിന്റെ വിശദവിവരം തിരക്കിയ അഭിഭാഷകനു നിരാശ. മധുര സ്വദേശിയായ അഭിഭാഷകന്‍ എ മുഹമ്മദ് യൂസഫാണ് വിവരാവകാശ നിയമപ്രകാരം വിദേശ നിക്ഷേപത്തിന്റെ കണക്കാവശ്യപ്പെട്ട് വിവിധ ഓഫിസുകളില്‍ അപേക്ഷ നല്‍കി കുഴങ്ങിയത്. കഴിഞ്ഞ ജൂലായ് 20ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നല്‍കിയ അപേക്ഷയില്‍ ജൂലായ് 31നു ലഭിച്ച മറുപടിയില്‍ അണ്ടര്‍ സെക്രട്ടറി പി കെ ശര്‍മ അറിയിച്ചത്, അപേക്ഷ സാമ്പത്തികകാര്യ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറിയിട്ടുണ്ടെന്നാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ മന്ത്രാലയങ്ങളുമായി ബന്ധപ്പെടണമെന്ന നിര്‍ദേശവും നല്‍കി.
ആഗസ്ത് 8ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ചീഫ് പ്രോട്ടോകോള്‍ ഓഫിസര്‍ രോഹിത് രതീഷില്‍ നിന്ന് മറുപടി ലഭിച്ചു. തന്റെ ഓഫിസില്‍ ആ വിവരമില്ലെന്നും അപേക്ഷ അതേ മന്ത്രാലയത്തിലെ മറ്റ് 10 വിഭാഗങ്ങളിലെ ജോയിന്റ് സെക്രട്ടറിമാര്‍ക്ക് അയച്ചിട്ടുണ്ടെന്നുമാണ് മറുപടിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, ഈ 10 വിഭാഗങ്ങളില്‍ നിന്ന് ഒരു വിവരവും കിട്ടാതായപ്പോള്‍ മുഹമ്മദ് യൂസഫ് സപ്തംബര്‍ 23ന് ചീഫ് പ്രോട്ടോകോള്‍ ഓഫിസര്‍ക്ക് അപ്പീല്‍ അപേക്ഷ നല്‍കി. എന്നാല്‍, ഇത്തരം വിവരങ്ങള്‍ സൂക്ഷിക്കുന്നത് ഡപ്യൂട്ടി ചീഫ് പ്രോട്ടോകോള്‍ ഓഫിസറല്ലെന്നു പറഞ്ഞ് ചീഫ് പ്രോട്ടോകോള്‍ ഓഫിസര്‍ ജയദീപ് മസുംദാര്‍ അപ്പീല്‍ തള്ളി. അതിനിടയ്ക്ക് അഭിഭാഷകന് ഒക്‌ടോബര്‍ ഒന്നിനും 28നുമിടയ്ക്ക് വിദേശകാര്യ വകുപ്പില്‍ നിന്ന് മൂന്നു കത്തുകള്‍ ലഭിച്ചു. അതില്‍ പറയുന്നത് പ്രധാനമന്ത്രിയുടെ വിദേശയാത്രയോടനുബന്ധിച്ച് ഒപ്പിട്ട ധാരണാപത്രങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അപേക്ഷകനോട് അതു പരിശോധിക്കാനുമാണ്. വിദേശകാര്യ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മനു ജെ വെട്ടിക്കന്‍ ആഗസ്ത് 11ന് അപേക്ഷകന് അയച്ച കത്തില്‍ പറഞ്ഞതും അദ്ദേഹത്തിന്റെ ഓഫിസിലും വിദേശ നിക്ഷേപം സംബന്ധിച്ച വിവരം ഇല്ലെന്നാണ്.
Next Story

RELATED STORIES

Share it