മോദിയുടെ ചടങ്ങില്‍ ഉദ്ദവിന് ക്ഷണമില്ല

മുംബൈ: മെയ്ക് ഇന്‍ ഇന്ത്യ വാരത്തിന് ഇന്ന് തുടക്കം കുറിക്കും. ഇതോടനുബന്ധിച്ച് മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന ചടങ്ങുകളില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ നേതാവ് ഉദ്ദവ് താക്കറെയ്ക്ക് ക്ഷണമില്ല.

സ്വദേശത്തും വിദേശത്തുമുള്ള വ്യവസായികളും രാഷ്ട്രത്തലവന്‍മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചടങ്ങുകള്‍ ഒരാഴ്ച നീളും. ഇന്നത്തെ അത്താഴവിരുന്ന് അടക്കം പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഉദ്ദവ് താക്കറെയെ ക്ഷണിച്ചിട്ടില്ല. മറ്റു ചില ചടങ്ങുകളിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിട്ടുമുണ്ട്. ഉദ്ദവ്ജിയെ പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിന് ക്ഷണിച്ചിട്ടില്ലെന്ന് ഒരു ശിവസേനാ നേതാവ് പറഞ്ഞു. കാലം മാറി, വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് സേനാ നേതാവ് ബാല്‍ താക്കറെയെ വിരുന്നിനൊക്കെ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും നേതാവ് പറഞ്ഞു.
എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രധാനമന്ത്രിമാരും വ്യവസായികളും പങ്കെടുക്കുന്ന ചടങ്ങുകളില്‍ പ്രോട്ടോകോള്‍ പ്രകാരം ഉദ്ദവ് താക്കറെയെ ക്ഷണിക്കാന്‍ നിര്‍വാഹമില്ലെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു. മാത്രമല്ല, ഇന്ത്യന്‍ വ്യവസായികളുടെ ഏകോപന സമിതി (സിഐഐ)യാണ് വിരുന്ന് സംഘടിപ്പിക്കുന്നതെന്നും ഇതൊരു രാഷ്ട്രീയ പരിപാടിയല്ലെന്നും അദ്ദേഹം പറഞ്ഞു. മെയ്ക് ഇന്‍ ഇന്ത്യ വാരത്തില്‍ നടക്കുന്ന മൂന്ന് പരിപാടികളില്‍ ഉദ്ദവ് താക്കറെയെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഓഫിസ് അറിയിച്ചു. മെയ്ക് ഇന്‍ ഇന്ത്യ വാരത്തില്‍ തുറമുഖം, വ്യവസായം, വസ്ത്രം മേഖലകളില്‍ 4.6 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്രയുടെ പ്രൗഡി വിളിച്ചോതുന്ന പ്രത്യേക പവലിയനുകള്‍ നിക്ഷേപ സമ്മേളനത്തോടനുബന്ധിച്ച് തയാറാക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it