മോദിക്ക് പാര വരുന്നത് നാട്ടില്‍നിന്നുതന്നെ

എ മൈനസ് ബി

ലോഹപുരുഷന്‍ അഡ്വാനി ഈയം പോലുമാകാതെ ഒരു വഴിക്കായത്, പാകിസ്താനില്‍ ചെന്ന് ജിന്നയെപ്പറ്റി നല്ല വാക്കു പറഞ്ഞതു മുതല്‍ക്കാണ്. ചാക്കാലയായാലും റീത്തുവയ്പായാലും അമ്മാതിരി ഡയലോഗ് പറ്റില്ലെന്ന് പിറ്റേന്നുതന്നെ ആര്‍.എസ്.എസ്. നേതൃത്വം ധ്വനിപ്പിച്ചു. ഫലം, ഹിന്ദുത്വ രാഷ്ട്രീയത്തിനു ദേശീയ മൈലേജുണ്ടാക്കിയ വീരശൂരപരാക്രമി വെറും ഫോട്ടോപ്പടമായി പാര്‍ട്ടിച്ചുവരില്‍ തൂങ്ങി, ജീവിച്ചിരിക്കെത്തന്നെ! ഈ ദേശീയ ഒതുക്കലിന്റെ മുഖ്യ ഗുണഭോക്താവായ സാക്ഷാല്‍ നരേന്ദ്ര മോദിക്ക് സമാന വിധി വരുമെന്ന് ഇന്നിപ്പോള്‍ ആര്‍ക്കും തോന്നില്ല.

അത്രയ്ക്കാണ് തല്‍ക്കാലം മോദിപ്പൂതിയും ജയാരവങ്ങളും. ഒരു നിമിഷം. മോദി, അബൂദബി മോസ്‌കില്‍ പോയതും ചില സൂഫികളെ കണ്ടതും ഹര്‍ദിക് പട്ടേല്‍ എന്നൊരു പുതുവിത്ത് പൊടുന്നനെ സ്വയംഭൂവായതും തമ്മിലെന്ത്? പ്രത്യക്ഷത്തില്‍ ഒന്നുമില്ല. ഉള്ളതായി തോന്നുകയുമില്ല.

എങ്കില്‍, പട്ടേല്‍ പ്രക്ഷോഭം മൂര്‍ധന്യത്തിലായപ്പോള്‍, സപ്തംബര്‍ 2നു തുടങ്ങുന്ന ആര്‍.എസ്.എസ്. ഉച്ചകോടിയില്‍ മോദി പങ്കെടുക്കും എന്ന വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്തിന്? പ്രധാനമന്ത്രിയും ഇതര മന്ത്രിമാരും സര്‍സംഘ്ചാലകിനു മുന്നില്‍ ഭരണത്തിന്റെ റിപോര്‍ട്ട് കാര്‍ഡുമായി ഓച്ഛാനിച്ചുനില്‍ക്കുമെന്ന് സാധാരണഗതിയില്‍ പുറത്തുപറയാറില്ല.

ഇവിടെ പ്രധാനമന്ത്രിയുടെ വരവിന്മേല്‍ മുമ്പേര്‍ സൂചന പുറപ്പെടുവിക്കുന്നു. പ്രത്യക്ഷങ്ങള്‍ക്കു പിന്നിലാണ് കാര്യമെന്നു സാരം. നയതന്ത്രത്തിലെന്നപോലെ മേജര്‍സെറ്റ് രാഷ്ട്രീയത്തിലും സൂചനയേറ് ഒരു തന്ത്രമാണ്. കേന്ദ്രമന്ത്രിസഭയുടെ ഉത്തരവാദിത്തം ഭരണഘടനയോടും പാര്‍ലമെന്റിനോടും അതുവഴി റിപബ്ലിക്കിന്റെ യഥാര്‍ഥ യജമാനന്‍മാരായ പബ്ലിക്കിനോടുമാണെന്നിരിക്കെ, 'സാംസ്‌കാരിക' സംഘടന എന്നവകാശപ്പെടുന്ന ആര്‍.എസ്.എസിനു മുന്നില്‍ മന്ത്രിമാര്‍ തങ്ങളുടെ റിപോര്‍ട്ട് കാര്‍ഡും വിശദീകരണവുമായി ഓച്ഛാനിച്ചുനില്‍ക്കുന്നതിന്റെ സന്ദേശമെന്താണ്? ഹിന്ദുത്വ രാഷ്ട്രീയത്തിനു നരേന്ദ്ര മോദി ഒരു പാലമായിരുന്നു. അതവര്‍ പ്രോല്‍സാഹിപ്പിക്കുകയും ആഘോഷിക്കുകയും സര്‍വശക്തിയോടെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍, പാലം കയറി പാതാളഭൈരവന്‍ കളിച്ചുതുടങ്ങിയാലോ? ഭരിച്ചുതുടങ്ങിയതല്ലേയുള്ളൂ എന്ന അവതാ പറഞ്ഞ് കൊല്ലമൊന്നു തട്ടിക്കളിച്ചു.

പ്രാസം വച്ചുള്ള മുദ്രാവാക്യങ്ങളും കാടടച്ച പൊങ്ങച്ചവെടിയുമല്ലാതെ പ്രത്യേകിച്ചൊന്നും നടന്നില്ല. ഭരണത്തിലെ മധുവിധു തീരുമ്പോള്‍ ചൂടന്‍ ഹിന്ദുത്വ അജണ്ടകളുടെ നിറവേറ്റലൊന്നും സംഘപരിവാരത്തിനു ലഭ്യമായില്ല. പരിവാരത്തില്‍ത്തന്നെ മുറുമുറുപ്പുകള്‍ മൂത്തുതുടങ്ങി.

ഇതേസമയം, മോദി സ്വന്തം പ്രതിച്ഛായ മിനുക്കാനും ഭരണത്തില്‍ സാര്‍വാധികാരപ്പിടി മുറുക്കാനും വേണ്ടതൊക്കെ ചെയ്തും വന്നു. ജെയ്റ്റ്‌ലിയും അമിത്ഷായും ഒഴികെയുള്ളവരെല്ലാം ഈ സര്‍വാധിപത്യത്തിനു കീഴില്‍ കേവലം കൂത്തുപാവകളായി. ഒടുവിലത്തെ ഉദാഹരണം നോക്കുക: ആഭ്യന്തര സെക്രട്ടറി എല്‍ സി ഗോയലിനെ മാറ്റിയത് സാക്ഷാല്‍ ആഭ്യന്തരമന്ത്രി അറിയുന്നില്ല.

പകരം ജെയ്റ്റ്‌ലിയുടെ ശിങ്കിടിയായ ധനവകുപ്പു സെക്രട്ടറി രാജീവ് മഹര്‍ഷിയെ ആഭ്യന്തര സെക്രട്ടറിക്കസേരയില്‍ തിരുകുന്നു. കാരണം, മോദിയുണ്ടാക്കിയ നാഗാ കരാര്‍ ആഭ്യന്തരവകുപ്പ് അറിഞ്ഞില്ലെന്ന് ഗോയല്‍ പറഞ്ഞിരുന്നു. ആര്‍.എസ്.എസ്. പ്രിയനും രാഷ്ട്രീയവിരുതനുമായ ആഭ്യന്തരമന്ത്രിയുടെ ഗതി ഇതാണെങ്കില്‍ കൂടുതല്‍ വല്ലതും പറയേണ്ടതുണ്ടോ? മോദിയുടെ ഈ അധികാര കേന്ദ്രീകരണവും സ്വപ്രതിച്ഛായാ നിര്‍മിതിയും പരിവാരകേന്ദ്രത്തെ ആശങ്കാകുലരാക്കുന്നു. ഈ സവിശേഷ പശ്ചാത്തലത്തിലാണ് ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭത്തെ പരിശോധിക്കേണ്ടത്.

പരമ്പരാഗതമായി സമ്പന്നരും സ്വാധീനശക്തരുമായ സവര്‍ണ ജാതിയാണ് പട്ടേലുമാര്‍. കൃഷിയും തുണിനിര്‍മാണവും തൊട്ട് വജ്രക്കച്ചോടം വരെ ബഹുമുഖമായ സാമ്പത്തിക ചലനങ്ങളില്‍ മുമ്പന്മാരായ അവര്‍ക്ക് പൊടുന്നനെ ജീവിതപ്രതിസന്ധിയുണ്ടാകുന്നു എന്നു പറഞ്ഞാല്‍ ഗുജറാത്തിനെയോ പട്ടേല്‍ഗണത്തെയോ അറിയുന്നവര്‍ ചിരിക്കും. മോദിസംഘം കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് വികസന മാതൃകയുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും. ടി വികസന മാതൃക ഒരു വ്യാജനിര്‍മിതിയാണെന്ന് കാര്യഗൗരവമുള്ളവര്‍ക്കൊക്കെ നേരത്തേ അറിയാം.

അല്ലെങ്കില്‍പ്പിന്നെ തൊലിപ്പുറം കണ്ടാല്‍ രോമാഞ്ചം വരുന്ന അബ്ദുല്ലക്കുട്ടിമാരോ മോദിവിജയം കഥകളിപ്പദം ചൊല്ലിനടക്കാന്‍ വിധിക്കപ്പെട്ട ബി.ജെ.പി. വക്താക്കളോ ആയിരിക്കണം. ഇനി ജാതിസംവരണം ആവശ്യപ്പെടാന്‍ തക്കവണ്ണം പട്ടേലുമാരുടെ വയറ്റത്തടിച്ചിരിക്കുകയാണ് ഇപ്പറഞ്ഞ വികസനമാതൃക എന്ന് അവര്‍ പോലും പറയുന്നില്ല. സൂറത്തിലെ 150 വജ്ര പോളിഷിങ് യൂനിറ്റുകള്‍ പൂട്ടി എന്നിത്യാദി ആവലാതികള്‍ വെറും പൂച്ചുപണ്ടങ്ങളാണെന്നറിയാന്‍ സൂറത്തോളം ഒന്നു പോയിവന്നാല്‍ മതി. മോദിയുടെ കുപ്രസിദ്ധ കോട്ടുകുപ്പായം തുന്നിക്കൊടുത്തതും കോടികള്‍ക്ക് ലേലത്തില്‍ പിടിച്ചതുമൊക്കെ ഇതേ പട്ടണത്തിലെ പട്ടേലുമാരാണ്. ഇന്നും രാഷ്ട്രീയഗോദയിലേക്ക് ലിക്വിഡ് കാഷ് യഥേഷ്ടം മറിക്കുന്നതും മറ്റാരുമല്ല. മുഖ്യമന്ത്രിയടക്കം ഏഴു സ്വജാതിക്കാര്‍ സംസ്ഥാന ഭരണം വാഴുന്നത് പോരാ, എട്ടാം മന്ത്രി വേണമെന്ന് ഹര്‍ദിക് പട്ടേല്‍ പോലും പറയുന്നില്ല. മാത്രമല്ല, മോദിയുടെ വികസനമാതൃകയെയോ രാഷ്ട്രീയത്തെയോ കമാന്ന് കുറ്റപ്പെടുത്താനും അവര്‍ തുനിയുന്നുമില്ല. രോഷപ്രകടനമത്രയും സംവരണം എന്ന ഭരണഘടനാ സംവിധാനത്തോടു മാത്രം. 'ഞങ്ങള്‍ക്കും താ, അല്ലെങ്കില്‍ മൊത്തത്തില്‍ മതിയാക്കുക'- അതാണ് ആവശ്യം. ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി ഉയര്‍ത്തുന്നത് 'സബ്കാ വികാസ്' മന്ത്രവും തന്റെ പിന്നാക്കജാതി ലേബലുമാണ്. ഈ രണ്ടു തന്ത്രങ്ങളെയും അട്ടിമറിക്കാന്‍ ഗുജറാത്തില്‍ നിന്നുതന്നെ ഒരു പുതിയ നമ്പര്‍ ഇറക്കണമെങ്കില്‍ ആരാവും അതിനു പിന്നില്‍? മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സാണെന്നു പറയാനേ പറ്റില്ല. കാരണം, 30 കൊല്ലമായി ഗുജറാത്തില്‍ ജഡാവസ്ഥയിലാണ് ഖാദിപ്പാര്‍ട്ടി. രാഹുല്‍ഗാന്ധിയുടെ ഒരു പൊതുയോഗം നല്ല നിലയ്ക്കു സംഘടിപ്പിക്കാന്‍ കൂടി ലോക്കല്‍ പാര്‍ട്ടിക്കാര്‍ക്ക് ആംപിയര്‍ ഇല്ലാത്തതുകൊണ്ട് ടിയാന്‍ ആ വഴിക്കു തിരിയുന്നതേയില്ല. മൂന്നു ലക്ഷം പേരെ സൂറത്തില്‍ അണിനിരത്താന്‍ ഇന്നലെ കുരുത്തുവന്ന ഒരു 22കാരന് കഴിയുന്നെങ്കില്‍ അതു പരിശോധിക്കേണ്ടത് സൂറത്തിന്റെ തന്നെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. ധാര്‍മിക രോഷം കൊണ്ട് ആളുകളെ തെരുവിലിറക്കാന്‍ പറ്റും. എന്നാല്‍, ഇത്ര വലിയ തോതില്‍, ഇത്ര ചുരുങ്ങിയ നേരം കൊണ്ട്, ഇത്ര സുസംഘടിതമായി അണിയൊരുക്കണമെങ്കില്‍ രാഷ്ട്രീയ സംഘാടനത്തില്‍ തഴക്കവും എണ്ണയിട്ട ശൃംഖലാസംവിധാനവും സര്‍വോപരി സാമ്പത്തിക ശക്തിയും അത്യാവശ്യമാണ്. സൂറത്തില്‍ അതു സംഘടിപ്പിച്ചത് ഹര്‍ദിക് പട്ടേലല്ല, ടി പാവയെ മുന്‍നിര്‍ത്തി വിശ്വഹിന്ദു പരിഷത്താണെന്ന് അറിയാത്തവര്‍ സൂറത്തിനു പുറത്തു മാത്രമാണുള്ളത്. മോദിക്കു പാര വരുന്നത് സ്വന്തം പരിവാരത്തില്‍ നിന്നാണെന്നു ചുരുക്കം. ഇനി, ഇതൊരു വെറും വൈയക്തിക പാര മാത്രമാണോ? ജാതിസംവരണത്തെ എതിര്‍ക്കുന്നയാളാണ് സാക്ഷാല്‍ മോദിയും. ഗോള്‍വാള്‍ക്കര്‍ തൊട്ട് ഇങ്ങോട്ടുള്ള സംഘപരിവാരമത്രയും മതസംവരണത്തെ മാത്രമല്ല, ജാതിസംവരണത്തെയും പരസ്യമായി എതിര്‍ത്തുപോന്നവരാണ്. ന്യൂനപക്ഷ മതങ്ങളെ ഒതുക്കാന്‍ മതസംവരണ വിരുദ്ധത പറയുമ്പോള്‍, ഹൈന്ദവ സമന്വയത്തിനു ചരിത്രപരമായിത്തന്നെ തടസ്സമായിവരുന്ന ജാതിസംവരണം മറ്റൊരു വഴിക്ക് അവര്‍ക്ക് അപഥ്യമാകുന്നു. ഈ പശ്ചാത്തലത്തില്‍, സംവരണം എന്ന ശാക്തീകരണാശയത്തെ അപ്പാടെ എതിര്‍ക്കാനും സാമ്പത്തിക സംവരണത്തെ പകരംവയ്ക്കാനുമുള്ള നീക്കത്തിന് ഒരു പരീക്ഷണം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ലബോറട്ടറിയായി ഗുജറാത്തിനെ ഉപയോഗിച്ചവര്‍ ഈ പുതിയ പരീക്ഷണത്തിന് അതേ സംസ്ഥാനത്തെത്തന്നെ ഉപയോഗിച്ചുനോക്കുന്നതാണ് ഹര്‍ദിക് പട്ടേല്‍ എന്ന പാവയെ മുന്‍നിര്‍ത്തിയുള്ള പ്രക്ഷോഭം. ഓര്‍ക്കണം, ഹര്‍ദിക് ഇറങ്ങിയതിന്റെ പിറ്റേന്നു മുതല്‍ സോഷ്യല്‍ മീഡിയയില്‍ സംവരണത്തിനെതിരേ ഒപ്പുശേഖരണം തകൃതിയായി- പ്രധാനമന്ത്രിക്കുള്ള നിവേദനം എന്ന ലേബലില്‍. മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പുതുക്കിയ സൈബര്‍ പതിപ്പ്. പ്രധാനമന്ത്രിക്കോ കേന്ദ്രമന്ത്രിസഭയ്‌ക്കോ ചെയ്യാന്‍ പറ്റുന്ന കാര്യമല്ല ഇതെന്ന് അറിയാത്തവരല്ല ഈ പ്രചാരണത്തിനു പിന്നില്‍. സംവരണ ജാതികളെ നിശ്ചയിക്കാന്‍ ഇവിടെ പ്രത്യേകം പിന്നാക്ക കമ്മീഷനുകളുണ്ട്. മാത്രമല്ല, ഭരണഘടനാപരമായ വ്യവസ്ഥകളുണ്ട്. അതിലൂടെയെല്ലാം കടന്നുപോകാന്‍ കാലം പിടിക്കും. അപ്പോള്‍ പോലും സവര്‍ണ ജാതികള്‍ക്ക് ഈ അവകാശം പതിച്ചുകൊടുക്കാന്‍ നിയമപരമായ വിഘ്‌നങ്ങളുണ്ട്. സാമ്പത്തിക പിന്നാക്കാവസ്ഥ പോലും പട്ടേലുമാരുടെ കാര്യത്തില്‍ അവകാശപ്പെടാനാവില്ല. അപ്പോള്‍ പിന്നെ ലക്ഷ്യം വ്യക്തമാണ്: സംവരണ വിരുദ്ധത എന്ന സംഘപരിവാര രാഷ്ട്രീയം മുന്നേറ്റുക. പരിവാര രാഷ്ട്രീയത്തിന്റെ അജണ്ടകള്‍ നടപ്പാക്കാന്‍ അറച്ചുനില്‍ക്കുകയും സ്വന്തം അധികാര കേന്ദ്രീകരണം നിര്‍വഹിക്കുകയും ചെയ്യുന്ന മോദിയെ തളയ്ക്കാന്‍ ഗുജറാത്തില്‍ നിന്നുതന്നെയുള്ള ഈ പരീക്ഷണത്തില്‍പരം ഉപയുക്തമായ അടവുനയം വേറെയുണ്ടോ?
Next Story

RELATED STORIES

Share it