മോദിക്ക് ചില ലണ്ടന്‍ പാഠങ്ങള്‍

മുഹമ്മദ് സാബിത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രിട്ടിഷ് പര്യടനം അവസാനിച്ചു. ഇതിനു മുമ്പു നടത്തിയ വിദേശ സന്ദര്‍ശനങ്ങളില്‍നിന്ന് ഏറക്കുറേ വ്യത്യസ്തമൊന്നുമായിരുന്നില്ല മോദിയുടെ ബ്രിട്ടിഷ് സന്ദര്‍ശനവും. അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ നേതൃത്വവുമായും രാഷ്ട്രത്തലവന്മാരുമായും കൂടിക്കാഴ്ച നടത്തുന്നതും സ്വകാര്യമേഖലയിലെ കുത്തക മുതലാളിമാര്‍ക്ക് നിക്ഷേപമിറക്കാന്‍ പറ്റിയ ഭൂമിയാണ് ഇന്ത്യയെന്ന് 'വ്യക്തമാക്കി'ക്കൊടുക്കുന്നതും ഇതാദ്യമല്ല. പക്ഷേ, ഇതിനു മുമ്പ് സന്ദര്‍ശിച്ച വിദേശരാജ്യങ്ങളില്‍ ഇത്ര ശക്തിയില്‍ കണ്ടിട്ടില്ലാത്ത ചില അനുഭവങ്ങളും മോദിക്കുണ്ടായി. ബ്രിട്ടിഷ് ജനാധിപത്യസംസ്‌കാരവും അവിടത്തെ 'ദയയില്ലാത്ത' മാധ്യമപ്രവര്‍ത്തകരും പൊതുസമൂഹവുമായിരുന്നു അതിനു കാരണക്കാര്‍.
ഇന്ത്യയില്‍ പ്രധാനമന്ത്രിയായ മോദി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതാണ്ട് അപ്രാപ്യനായ ഒരാളാണ്. കൃത്യമായ ഇടവേളകളില്‍ രാജ്യത്തോട് സംവദിക്കുന്ന അദ്ദേഹത്തിന്റെ ഒരേയൊരു പരിപാടി മാസംതോറുമുള്ള റേഡിയോ പരിപാടിയായ മന്‍ കി ബാത് ആണ്. എന്നാല്‍, ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇടമില്ലാത്ത ഈ പരിപാടി ഒരു ആധുനിക ജനാധിപത്യത്തിനാണോ അതോ വിമര്‍ശനങ്ങളെ ഭയക്കുന്ന ഏതെങ്കിലും സ്വേച്ഛാധിപത്യ ഭരണകൂടത്തിനാണോ ചേരുക എന്നത് കൂടുതലാരും ചര്‍ച്ചചെയ്യാറില്ല. കാര്യമിങ്ങനെയാണെങ്കിലും വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ക്ക് മാധ്യമങ്ങളില്‍ ക്ഷാമമുണ്ടാവാറില്ല. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ യോ പ്രധാനമന്ത്രിയുടെയോ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന കുറിപ്പുകള്‍ പകര്‍ത്തിയെഴുതുകയോ വിവര്‍ത്തനം ചെയ്യുകയോ ചെയ്യുന്ന ജോലിയില്‍ കൂടുതലായൊന്നും അത്തരം വാര്‍ത്തകള്‍ തയ്യാറാക്കുന്ന റിപോര്‍ട്ടര്‍മാര്‍ക്ക് ചെയ്യേണ്ടിയും വരാറില്ല. എന്നാല്‍, ഇതല്ലാതെയും ഒരു മാധ്യമപ്രവര്‍ത്തനം ഉണ്ട് എന്ന് മോദിയെ (പിന്നെ കുറേ ജേണലിസ്റ്റുകളെയും) ഓര്‍മിപ്പിച്ച ഒരു സന്ദര്‍ശനമാണ് ബ്രിട്ടനില്‍ കഴിഞ്ഞുപോയത്.
മതന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, എഴുത്തുകാര്‍, ആക്റ്റിവിസ്റ്റുകള്‍, രാഷ്ട്രീയ പ്രതിയോഗികള്‍ തുടങ്ങിയവര്‍ക്കു നേരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന ശാരീരിക ആക്രമണങ്ങളെക്കുറിച്ചോ സര്‍ക്കാരിന്റെ തന്നെ ഭാഗമായ വ്യക്തികള്‍ നടത്തുന്ന വിവാദ പ്രസ്താവനകളെക്കുറിച്ചോ ഇത്രയും നേര്‍ക്കുനേരെയുള്ള ചോദ്യങ്ങള്‍ പ്രധാനമന്ത്രി മോദിക്ക് ഇതുവരെ നേരിടേണ്ടിവന്നിട്ടില്ല. തന്റെ രാഷ്ട്രീയജീവിതത്തിലെ മനുഷ്യാവകാശലംഘനങ്ങളുടെ കറുത്ത പാടുകളെ അവഗണിക്കാന്‍ തയ്യാറാവാത്ത സക്രിയമായ ജനാധിപത്യമാണ് മോദിയെ ലണ്ടനില്‍ സ്വീകരിച്ചത്. ഫോട്ടോ സെഷനുകളും ഭംഗിയുള്ള ഇംഗ്ലീഷില്‍ എഴുതിത്തയ്യാറാക്കിയ പ്രസ്താവനകളും മാത്രമല്ല വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്ന് ബ്രിട്ടിഷ് മാധ്യമങ്ങള്‍ കാണിച്ചുതന്നു.
മോദിയുടെ സന്ദര്‍ശനത്തോട് ബ്രിട്ടിഷ് പത്രങ്ങള്‍ സമീപിച്ച രീതി ശ്രദ്ധേയമാണ്. മോദി മുമ്പ് സന്ദര്‍ശനം നടത്തിയ രാജ്യങ്ങളിലെ മാധ്യമങ്ങളുടെ സമീപനത്തില്‍നിന്ന് ഭിന്നമായിരുന്നു ചടുലവും സ്വതന്ത്രവുമായ ബ്രിട്ടിഷ് മാധ്യമങ്ങളുടെ സമീപനം. ഔദ്യോഗിക സന്ദര്‍ശനത്തെയും അതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ട കരാറുകളെയും ഉഭയകക്ഷിബന്ധത്തെയും കുറിച്ച് എഴുതിയപ്പോള്‍ തന്നെ, മോദിയെന്ന ഹിന്ദുത്വ രാഷ്ട്രീയപ്രവര്‍ത്തകന്റെ ഭൂത-വര്‍ത്തമാനകാലത്തെക്കുറിച്ചും അവര്‍ വാചാലരായി. മോദിക്ക് കീഴില്‍ മുമ്പ് ഗുജറാത്തിലും നിലവില്‍ ഇന്ത്യയിലും മതന്യൂനപക്ഷങ്ങളടക്കമുള്ളവര്‍ക്ക് നേരിടേണ്ടിവരുന്ന മനുഷ്യാവകാശപ്രശ്‌നങ്ങളെക്കുറിച്ചും രാജ്യത്തെ മോശമായിക്കൊണ്ടിരിക്കുന്ന മതനിരപേക്ഷ സാഹചര്യങ്ങളെക്കുറിച്ചും അനവധി ലേഖനങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബ്രിട്ടിഷുകാര്‍ വായിച്ചത്. ഇതില്‍ ഗാര്‍ഡിയനില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ വംശജര്‍ എഴുതിയ തുടര്‍ച്ചയായ ലേഖനങ്ങള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. എഴുത്തുകാരന്‍ പങ്കജ് മിശ്ര, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ ചക്രവര്‍ത്തി, കലാകാരന്‍ അനീഷ് കപൂര്‍ തുടങ്ങിയവര്‍ തീവ്രമായ ഭാഷയില്‍ തന്നെ മോദിയെയും മോദി പ്രതിനിധാനം ചെയ്യുന്ന തീവ്ര ഹിന്ദുത്വരാഷ്ട്രീയത്തെ കുറിച്ചും എഴുതി. ഒരു ലേഖനം ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു ഹിന്ദു തീവ്രവാദിയാണ് എന്ന് വിശേഷിപ്പിച്ചപ്പോള്‍ മറ്റൊരു ലേഖനം മോദിയുടെ സര്‍ക്കാരിനെ വിശേഷിപ്പിച്ചത് ഹിന്ദു താലിബാന്‍ എന്നായിരുന്നു. ഗാര്‍ഡിയനെ കൂടാതെ ടെലഗ്രാഫ്, ഫിനാന്‍ഷ്യല്‍ ടൈംസ്, റോയിട്ടേഴ്‌സ്, ടൈംസ് തുടങ്ങിയ ബ്രിട്ടിഷ് മാധ്യമങ്ങളും മോദിയെ തുറന്നുകാട്ടുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. 'മൂക്ക് പൊത്തിക്കൊണ്ട് മോദിക്ക് കൈ കൊടുക്കൂ' എന്ന പേരില്‍ ടൈംസില്‍ വന്ന ഒരു ലേഖനത്തില്‍ ഇന്ത്യയുമായുള്ള ബന്ധം മോദിയെന്ന ഒരു വ്യക്തിയെക്കാള്‍ പ്രധാനമാണെന്ന കാരണംകൊണ്ടു മാത്രം മോദിയുമായി ബ്രിട്ടന്‍ സൗഹൃദത്തില്‍ പോവണമെന്ന് അഭിപ്രായപ്പെട്ടു.
സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനവുമായി നിരവധി ബ്രിട്ടിഷ് എഴുത്തുകാരും സര്‍വകലാശാലാ അധ്യാപകരും ഗവേഷകരും രംഗത്തുവന്നിരുന്നു. ഇന്ത്യയില്‍ എഴുത്തുകാരും കലാകാരന്മാരുമടങ്ങിയ വിമതശബ്ദങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ബ്രിട്ടിഷ് എഴുത്തുകാര്‍ വിശദമായി തന്നെ എഴുതി. ഇന്ത്യയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളി മോദിയുമായുള്ള സംഭാഷണങ്ങളില്‍ ഉന്നയിക്കണമെന്നും ഇന്ത്യന്‍ ഭരണഘടനയില്‍ അടങ്ങിയിട്ടുള്ള ജനാധിപത്യാവകാശങ്ങളോട് സത്യസന്ധത പുലര്‍ത്താന്‍ മോദിയോട് ആവശ്യപ്പെടണമെന്നും ഇരുനൂറിലേറെ എഴുത്തുകാര്‍ യോജിച്ചു പുറത്തിറക്കിയ കത്ത് പ്രധാനമന്ത്രി കാമറണിനോട് ആവശ്യപ്പെട്ടു. എഴുത്തുകാരുടെ ആഗോള കൂട്ടായ്മയായ പെന്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ തയ്യാറാക്കപ്പെട്ട പ്രസ്താവനയില്‍ ഇന്ത്യന്‍ വംശജരും അല്ലാത്തവരുമടങ്ങിയ ബ്രിട്ടിഷ് എഴുത്തുകാരായിരുന്നു ഒപ്പുവച്ചിരുന്നത്.
കല്‍ബുര്‍ഗി, ദബോല്‍ക്കര്‍, പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങള്‍, നാല്‍പതിലേറെ പ്രമുഖരായ എഴുത്തുകാര്‍ക്ക് തങ്ങളുടെ ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കേണ്ടിവന്ന സാഹചര്യം, വിയോജിക്കുന്നവരെ ലക്ഷ്യം വച്ച് മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകള്‍ തുടങ്ങി കഴിഞ്ഞ കുറച്ചു നാളുകളിലായി ആവിഷ്‌കാരസ്വാതന്ത്ര്യവുമായും അസഹിഷ്ണുതയുമായും ബന്ധപ്പെട്ട് ഇന്ത്യയില്‍ നടന്ന സംഭവവികാസങ്ങളെ വിശദമായി തന്നെ കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ക്ക് സാമൂഹികവും മതപരവും സാംസ്‌കാരികവുമായ സുപ്രധാന വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് എളുപ്പമല്ലെന്ന് കത്ത് പറഞ്ഞു.
നിരവധി സന്നദ്ധസംഘടനകളാണ് മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച ബ്രിട്ടനില്‍ തെരുവിലിറങ്ങിയത്. ബ്രിട്ടനിലുള്ള ഇന്ത്യക്കാരുടെ വ്യത്യസ്ത സംഘടനകള്‍ മാതൃരാജ്യത്തെ പ്രശ്‌നങ്ങളില്‍ ലോകശ്രദ്ധ പതിപ്പിക്കാനുള്ള അവസരമായി മോദിയുടെ സന്ദര്‍ശനത്തെ ഉപയോഗപ്പെടുത്തി. ബ്രിട്ടന്‍ കേന്ദ്രീകരിച്ചുള്ള നിരവധി മുസ്‌ലിം, സിഖ്, ദലിത്, തമിഴ്, കറുത്തവര്‍ഗ, വനിതാ, തൊഴിലാളി സംഘടനകള്‍ മോദിയുടെ സന്ദര്‍ശനത്തിനെതിരേ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മനുഷ്യാവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ആവാസ് ബ്രിട്ടിഷ് പാര്‍ലമെന്റിനഭിമുഖമായി കൂറ്റന്‍ മോദിവിരുദ്ധ ബാനര്‍ പ്രദര്‍ശിപ്പിച്ച് നടത്തിയ പ്രതിഷേധം പ്രത്യേകം ശ്രദ്ധ നേടിയിരുന്നു.
ചുരുക്കത്തില്‍, മുസ്‌ലിംകള്‍, ദലിതുകള്‍, സ്വതന്ത്ര ചിന്തകര്‍, എഴുത്തുകാര്‍, രാഷ്ട്രീയ പ്രതിയോഗികള്‍ എന്നിവര്‍ക്കെതിരേ കൊലപാതകവും ശാരീരിക അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും വര്‍ധിക്കുമ്പോള്‍, സ്വന്തം പാര്‍ട്ടിക്കാരും സമാനമായ തീവ്ര ആശയം പിന്തുടരുന്ന ഇതര ഹിന്ദുത്വരും പ്രതിസ്ഥാനത്തുള്ള അത്തരം സംഭവങ്ങളുടെ കൂട്ടുത്തരവാദിത്തത്തില്‍നിന്ന് താങ്കള്‍ക്ക് മാറിനില്‍ക്കാനാവില്ലെന്നു തന്നെയാണ് എഴുത്തുകാരും മാധ്യമങ്ങളും അധ്യാപകരും ആക്റ്റിവിസ്റ്റുകളുമടങ്ങിയ ബ്രിട്ടനിലെ പൊതുസമൂഹം മോദിയോട് പറഞ്ഞത്.
Next Story

RELATED STORIES

Share it