മോദിക്കെതിരായ പോരാട്ടം ദേശവ്യാപകമാക്കും: ലാലു പ്രസാദ്

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കുമെതിരായ പോരാട്ടം ദേശവ്യാപകമാക്കുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മോദിക്കെതിരായ വികാരമാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും രാജ്യം മൊത്തം ഇതു നിലനില്‍ക്കുന്നുണ്ടെന്നും ലാലു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം മതേതര വിശ്വാസികള്‍ക്ക് ആശ്വാസമാണ്. ബിഹാറിലെ കാര്യങ്ങള്‍ നിതീഷ്‌കുമാര്‍ കൈകാര്യം ചെയ്യും. ദേശീയ സമരത്തില്‍ ശ്രദ്ധ പതിപ്പിക്കാനാണ് തന്റെ തീരുമാനം. മോദിയുടെ മണ്ഡലമായ വാരണാസിയിലാവും തന്റെ ആദ്യ സമരപരിപാടികള്‍. മോദി ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വികസന വാഗ്ദാനങ്ങള്‍ നടപ്പായോ എന്ന് പരിശോധിക്കും. ബിജെപി അധികാരത്തില്‍ വന്ന ശേഷം പൗരന്മാര്‍ക്കു സുരക്ഷിതത്വം നഷ്ടപ്പെട്ടെന്ന തോന്നലുണ്ടായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ എല്ലാവരേയും ഭീഷണിപ്പെടുത്തുകയാണ്. മോദിയുടെ വാഗ്ദാനമായ നല്ല ദിനങ്ങള്‍ ഇതുവരെ പുലര്‍ന്നിട്ടില്ലെന്നും ലാലു കുറ്റപ്പെടുത്തി.
ബിഹാര്‍ അസംബ്ലിയില്‍ 80 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ലാലുവിന്റെ ആര്‍ജെഡി. ലാലുവിന്റെ മക്കളായ തേജ് പ്രതാപ് യാദവും തേജസ്വി യാദവും വിജയിച്ചിട്ടുണ്ട്.
മോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും ബിഹാറില്‍ നിന്നു പാഠമുള്‍ക്കൊള്ളണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം ഇന്ത്യയില്‍ വിലപ്പോവില്ലെന്ന് ബിജെപി നേതാക്കള്‍ മനസ്സിലാക്കണമെന്നും മുതിര്‍ന്ന തൃണമൂല്‍ നേതാവ് സുല്‍ത്താന്‍ അഹ്മദ് പറഞ്ഞു. പ്രകോപന പ്രസ്താവനയിറക്കുന്നവരുടെ വായടപ്പിക്കാന്‍ പ്രധാനമന്ത്രിക്കു സാധിക്കണം. അല്ലെങ്കില്‍ ഓരോ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടുമെന്നും അഹ്മദ് കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ സംസാരിക്കുകയും ജോലിയെടുക്കാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ബിഹാറിലെ അവസ്ഥയുണ്ടാവുമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. അല്‍പം സംസാരിച്ച് കൂടുതല്‍ ജോലി ചെയ്യുക എന്നതാണ് തങ്ങളുടെ നയമെന്നും ഡല്‍ഹിയിലെ ഗാന്ധി നഗര്‍ മണ്ഡലത്തില്‍ പോളി ക്ലിനിക്ക് ഉദ്ഘാടനം ചെയ്യവേ കെജ്‌രിവാള്‍ പറഞ്ഞു.
ബിഹാറില്‍ ബിജെപിയുടെ പരാജയത്തിനു കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നു പാര്‍ട്ടി എംപി ശത്രുഘ്‌നന്‍ സിന്‍ഹ ആവശ്യപ്പെട്ടു. ജെഡിയു നേതാവ് നിതീഷ്‌കുമാറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം നിതീഷിനെ അഭിനന്ദിച്ചു. പിന്നീട് ലാലു പ്രസാദ് യാദവിനെയും അദ്ദേഹം കണ്ടു. പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബസുവിനു ശേഷം താന്‍ കണ്ട ബഹുമാന്യനായ മുഖ്യമന്ത്രിയാണ് നിതീഷെന്നു സിന്‍ഹ പറഞ്ഞു.
അതിനിടെ, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തി. ഭാഗവതിന്റെ സംവരണ വിരുദ്ധ പ്രസ്താവന ബിഹാറില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it