wayanad local

മോണിറ്ററിങ് സംവിധാനമില്ല; ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍

കല്‍പ്പറ്റ: ജില്ലയില്‍ ടൂറിസം മേഖയില്‍ പദ്ധതി നിര്‍വഹണം മോണിറ്റര്‍ ചെയ്യാന്‍ സംവിധാനമില്ലെന്ന് വകുപ്പ് അധികൃതര്‍ തന്നെ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വകുപ്പുദ്യോഗസ്ഥര്‍ ടൂറിസം പദ്ധതികള്‍ പാതിവഴിയില്‍ മുടങ്ങുന്നതിന്റെ കാരണം മോണിറ്ററിങ് സംവിധാനമില്ലാത്തതാണെന്നാണ് വിശദീകരിച്ചത്.
ജില്ലയില്‍ ടൂറിസം മേഖലയില്‍ കോടികളുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെടുന്നത്. എന്നാല്‍, യഥാവിധം നിശ്ചിത സമയത്തിനുളളില്‍ മിക്ക പദ്ധതികളും പൂര്‍ത്തിയാവാറില്ല. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം തന്നെ ടൂറിസം വികസനത്തിന്റെ ഭാഗമായി തുടങ്ങിവച്ച നിര്‍മാണ പ്രവൃത്തികള്‍ പാതിവഴിയിലാണ്.
ജില്ലാ വികസനസമിതി യോഗം വിഷയം ചര്‍ച്ച ചെയ്തിരുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പദ്ധതികള്‍ പലതും സമയബന്ധിതമായി പൂര്‍ത്തിയാവുന്നില്ലെന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച പല പദ്ധതികളും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ സ്ഥിതി തുടരാനാവില്ലെന്നും പദ്ധതി നിര്‍വഹണം സംബന്ധിച്ച് കൃത്യമായ അവലോകനം വേണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍, ആരോപണം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ടൂറിസം വകുപ്പ് അധികൃതരുടെ വിശദീകരണം.
ജില്ലയിലെ പല ടൂറിസം പദ്ധതികളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു മറ്റു ജില്ലകളിലെ ഏജന്‍സികളാണ്. ഇവര്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഡയറക്ടറേറ്റില്‍ നിന്നു ഫണ്ട് മാറുകയാണ്.
ജില്ലാ തലത്തില്‍ പദ്ധതി നിര്‍വഹണം സംബന്ധിച്ച് കൃത്യമായ മോണിറ്ററിങ് സംവിധാനമില്ലെന്നും ഈ സ്ഥിതി മാറിയാല്‍ മാത്രമേ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂവെന്നുമാണ് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തെ അറിയിച്ചത്.
Next Story

RELATED STORIES

Share it