Sports

മോഡ്രിച്ച് ഗോളില്‍ ക്രൊയേഷ്യ തുടങ്ങി

മോഡ്രിച്ച് ഗോളില്‍  ക്രൊയേഷ്യ തുടങ്ങി
X
Real-Madrid-man-Modric-whee

പാരിസ്: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ക്രൊയേഷ്യക്ക് വിജയത്തുടക്കം. ഇന്നലെ ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ക്രൊയേഷ്യ എതിരില്ലാത്ത ഒരു ഗോളിന് തുര്‍ക്കിയെ പരാജയപ്പെടുത്തുകയായിരുന്നു.
41ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ലുക്ക മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ വിജയഗോള്‍ നേടിയത്. കണഞ്ചിപ്പിക്കുന്ന ലോങ് റേഞ്ച് വോളി ഷോട്ടിലൂടെയാണ് മോഡ്രിച്ച് ക്രൊയേഷ്യക്കു വേണ്ടി നിറയൊഴിച്ചത്. 25 വാര അകലെ നിന്നായിരുന്നു മോഡ്രിച്ചിന്റെ ബുള്ളറ്റ് ഷോട്ട്.
മല്‍സരത്തില്‍ പന്തടക്കത്തില്‍ ഇരു ടീമും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍, ആക്രമിച്ചു കളിക്കുന്നതില്‍ തുര്‍ക്കിക്കു മേല്‍ ക്രൊയേഷ്യ വ്യക്തമായ മുന്‍തൂക്കം നേടുകയായിരുന്നു. ഗോളിനായി ആറ് തവണ ക്രൊയേഷ്യ ഷോട്ടുതീര്‍ത്തപ്പോള്‍ തുര്‍ക്കി രണ്ട് തവണ മാത്രമാണ് ഗോളിനായി ഷോട്ടുതീര്‍ക്കാനായത്. മല്‍സരത്തില്‍ തുര്‍ക്കിയുടെ മൂന്ന് താരങ്ങള്‍ക്കും ക്രൊയേഷ്യയുടെ ഒരു താരത്തിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.
കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ക്രൊയേഷ്യക്ക് ഗോളവസരം ലഭിച്ചിരുന്നു. എന്നാല്‍, ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്റ്റിക്ക് തൊടുത്ത പന്ത് തുര്‍ക്കി പോസ്റ്റിനരികിലൂടെ പുറത്ത് പോവുകയായിരുന്നു. 29ാം മിനിറ്റില്‍ തുര്‍ക്കിയുടെ മികച്ച മുന്നേറ്റം ക്രൊയേഷ്യന്‍ ഗോളി വിഫലമാക്കി.
കളിയുടെ രണ്ടാം പകുതിയില്‍ ക്രൊയേഷ്യയുടെ ഡാരിജോ സ്രനയ്ക്ക് രണ്ട് ഗോളവസരങ്ങള്‍ ലഭിച്ചു. എന്നാല്‍, 52ാം മിനിറ്റില്‍ ഫ്രീകിക്ക് അവസരം നഷ്ടപ്പെടുത്തിയ ഡാരിജോ 55ാം മിനിറ്റില്‍ സുവര്‍ണാവസരം പുറത്തേക്കടിച്ച് പാഴാക്കുകയായിരുന്നു. ഡാരിജോയ്ക്കു പുറമേ മാര്‍സെലോ ബ്രോസോവിക്, ഇവാന്‍ പെറിസിക്, എന്നിവര്‍ ഗോളവസരങ്ങള്‍ പാഴാക്കി.
കളിയുടെ ഇഞ്ചുറിടൈമില്‍ സമനില ഗോള്‍ നേടാനുള്ള തുര്‍ക്കിയുടെ ശ്രമം പാളിപോയി. തുര്‍ക്കിയുടെ ഗോള്‍ നീക്കം ക്രൊയേഷ്യന്‍ പ്രതിരോധനിര പന്ത് ക്ലിയര്‍ ചെയ്ത് ഒഴിവാക്കുകയായിരുന്നു.
അതേസമയം, ഗ്രൂപ്പ് സിയില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ പോളണ്ട് 1-0ന് വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. 51ാം മിനിറ്റില്‍ അര്‍കഡിയുസ് മിലിക്കാണ് പോളണ്ടിന്റെ വിജയഗോള്‍ നേടിയത്.
Next Story

RELATED STORIES

Share it