palakkad local

മോഡേണ്‍ റൈസ്മില്‍ പൂട്ടിയിട്ട് ആറുവര്‍ഷം

ആലത്തൂര്‍: പാലക്കാടന്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് താങ്ങുവിലക്ക് സംഭരിച്ച് പുഴുങ്ങി ഉണക്കി അരി ഉത്പാദിപ്പിക്കുക. സംസ്ഥാനത്തും വിദേശത്തും ഏറെ പ്രിയമുള്ള പാലക്കാടന്‍ മട്ട ബ്രാന്റിന് വിപണിയില്‍ ശക്തമായ സാന്നിധ്യമാവുക. ആലത്തൂര്‍ മോഡേണ്‍ റൈസ്മില്‍ സംബന്ധിച്ച് നടക്കാതെ പോയ സ്വപ്‌നങ്ങളില്‍ ഇവയും ഉള്‍പ്പെടും സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിച്ച ആദ്യ അരിമില്ലാണ് ആലത്തൂരിലേത്.
കൃഷി വകുപ്പിന്റെ കീഴില്‍ സംസ്ഥാന വെയര്‍ ഹൗസിങ്ങ് കോര്‍പ്പറേഷനാണ് നടത്തിപ്പു ചുമതല. രണ്ടുകോടി ചിലവില്‍ നിര്‍മ്മിച്ച മില്‍ 2008 ജനുവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അചുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്വകാര്യ മില്‍ ലോബിയുടെ ഇടപെടല്‍, നിയമന തര്‍ക്കം, രാഷ്ട്രീയ വടംവലി, ഉന്നത ഉദ്ദ്യോഗസ്ഥരുടെ ശീതസമരം തുടങ്ങി ഒട്ടേറെ കാരണങ്ങളാല്‍ മില്ലിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ രണ്ടു വര്‍ഷം വേണ്ടിവന്നു. 2010 ജനുവരിയിലാണ് ഉത്പാദനം ആരംഭിച്ചത്. ഏഴുമാസം പിന്നിട്ടപ്പോള്‍ കരാര്‍ ജീവനക്കാരുടെ നിയമനത്തിലെ രാഷ്ട്രീയ ഇടപെടല്‍ എല്ലാം കുളമാക്കി. കോടതി ഇടപെടലിനെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചു വിടേണ്ടി വന്നു.
ജീവനക്കാരില്ലാതെ മില്ലിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. 2010 സെപ്തംബറില്‍ അടച്ചുപൂട്ടി വെയര്‍ ഹൗസിങ്ങ് കോര്‍പ്പറേഷന്റെ തലപ്പത്തെ തര്‍ക്കവും മില്ലിന് വിനയായി. പുതിയ ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തീരുമാനം മന്ത്രി ഇടപെട്ടിട്ടും നടപ്പായില്ല. ഒരുമണി നെല്ലുപോലും കര്‍ഷകരില്‍ നിന്നും സംഭരിക്കാന്‍ മില്ലിനായില്ല.അന്നം എന്ന ബ്രാന്റില്‍ ഇറക്കിയ അരി പൊതു വിപണിയേക്കാള്‍ വിലകുറച്ചാണ് വിറ്റിരുന്നത്. ഇത് വിപണിയില്‍ ശ്രദ്ധേയമായി വരുമ്പോഴാണ് മില്ല് പൂട്ടിയത്. 2013 ആഗസ്തില്‍ മന്ത്രി കെ.പി.മോഹനന്‍ മില്ല് സന്ദര്‍ശിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നീക്കം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടു കോടി രൂപയുടെ ഉപകരണങ്ങള്‍ തുരുമ്പിച്ച് നശിച്ചു. പ്രവര്‍ത്തന സജ്ജമാക്കാന്‍ 30 ലക്ഷം വേണ്ടിവരുമെന്നാണ് കണക്ക്. 60 ലക്ഷം രൂപ മില്ലിന്റെ അക്കൗണ്ടിലുണ്ട്. ഒരു ഷിഫ്റ്റില്‍ 20 ടണ്‍ നെല്ല് അരിയാക്കാനുള്ള ശേഷി മില്ലിനുണ്ട്. 19 പേര്‍ക്ക് നേരിട്ടും 50 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ കിട്ടുമായിരുന്ന സ്ഥാപനമാണ് സര്‍ക്കാരിന്റെയും രാഷ്ട്രീയ ഇടപെടലിന്റെയും ഭാഗമായി പൂട്ടിയിടേണ്ടി വന്നത്.
അവസാനിക്കുന്നില്ല...
Next Story

RELATED STORIES

Share it