Sports

മൊഹാലിയില്‍ മോഹവിജയം

മൊഹാലി: ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ ദക്ഷിണാഫ്രിക്ക കറങ്ങിവീണു. രണ്ടു ദിനം ബാക്കിനില്‍ക്കെ മൊഹാലിയില്‍ ടീം ഇന്ത്യക്കു 108 റണ്‍സിന്റെ മോഹവിജയം. ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായി മാറിയ പിച്ചില്‍ ഇന്നലെ മാത്രം വീണത് 18 വിക്കറ്റുകളാണ്. ഇന്ത്യയുടെ എട്ടു വിക്കറ്റുകള്‍ വീണപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ 10 വിക്കറ്റുകളാണ് കടപുഴകിയത്.
രണ്ടിന് 125 റണ്‍സെന്ന നിലയില്‍ രണ്ടാമിന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് 75 റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിക്ക എട്ടു വിക്കറ്റും നഷ്ടമായി. 200 റണ്‍സിനാണ് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചത്. ഇതോടെ രണ്ടു ദിവസം ശേഷിക്കെ സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ വേണ്ടത് 218 റണ്‍സ് മാത്രം.
എന്നാല്‍ രവീന്ദ്ര ജഡേജയും ആര്‍ അശ്വി നും പിച്ചില്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. 39.5 ഓവറില്‍ കേവലം 109 റണ്‍സിനു ദക്ഷിണാഫ്രിക്കയുടെ മുഴുവന്‍ താരങ്ങളും ഡ്രസിങ് റൂമില്‍ തിരിച്ചെത്തി.
ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ട ജഡേജയായിരുന്നു ഇന്ത്യന്‍ ബൗളിങിലെ വജ്രായുധം. 11.5 ഓവറില്‍ നാലു മെയ്ഡനടക്കം 21 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകളാണ് ജഡേജ പോക്കറ്റിലാക്കിയത്. മൂന്നു വിക്കറ്റ് നേടിയ അശ്വിന്‍ ജഡേജയ്ക്കു പറ്റിയ പങ്കാളിയായി. അമിത് മിശ്രയും വരുണ്‍ ആരോണും ഓ രോ വിക്കറ്റ് വീതം പങ്കിട്ടു.
36 റണ്‍സെടുത്ത സ്റ്റിയാന്‍ വാന്‍സൈലിന്റെ ചെറുത്തുനില്‍പ്പ് കൂടിയില്ലായിരുന്നെങ്കി ല്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 100 കടക്കി ല്ലായിരുന്നു.
എബി ഡിവില്ലിയേഴ്‌സും ഡീന്‍ എല്‍ഗറും 16 റണ്‍സ് വീതം നേടിയപ്പോള്‍ സൈമണ്‍ ഹാര്‍മര്‍ 11 റണ്‍സെടുത്തു. മറ്റുള്ളവരൊന്നും രണ്ടക്കം കടന്നില്ല. എക്‌സ്ട്രായിനത്തില്‍ ലഭിച്ച 14 റണ്‍സാണ് ദക്ഷിണാഫ്രിക്ക ന്‍ ഇന്നിങ്‌സിലെ ഉയ ര്‍ന്ന മൂന്നാമത്തെ സ്‌കോര്‍.
നേരത്തേ ചേതേശ്വര്‍ പുജാരയുടെ (77) അ ര്‍ധസെഞ്ച്വറിക്കൊപ്പം മുരളി വിജയുടെ (47) ഇന്നിങ്‌സുമാണ് ഇന്ത്യയെ 200ലെത്തിച്ചത്. നാലു വിക്കറ്റ് വീതം പിഴുത ഹാര്‍മറും ഇംറാന്‍ താഹിറുമാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്. ഒന്നാമിന്നിങ്‌സി ല്‍ മൂന്നും രണ്ടാമിന്നിങ്‌സില്‍ അഞ്ചുമടക്കം എട്ടു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.
അടുത്ത മല്‍സരം ഈ മാസം 14നു ബാംഗ്ലൂരി ല്‍ ആരംഭിക്കും.
Next Story

RELATED STORIES

Share it