മൊസാക് ഫൊന്‍സേക്ക ആസ്ഥാനത്ത് തിരച്ചില്‍

പാനമ സിറ്റി: നിയമസഹായ സംഘമായ മൊസാക് ഫൊന്‍സേക്കയുടെ പാനമ സിറ്റിയിലുള്ള ആസ്ഥാനത്ത് പോലിസ് തിരച്ചില്‍ നടത്തി. സ്ഥാപനം പുറത്തുവിട്ട പാനമ രേഖകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് തിരച്ചില്‍. പാനമ സിറ്റിയിലുള്ള ആസ്ഥാനത്തിനു പുറമേ സ്ഥാപനത്തിന്റെ ചില ശാഖകളിലും തിരച്ചില്‍ നടത്തിയിട്ടുണ്ട്. പുതുതായുണ്ടായ എന്തെങ്കിലും സംഭവവികാസങ്ങളെത്തുടര്‍ന്നോ ഇടപെടലുകളെത്തുടര്‍ന്നോ അല്ല നടപടിയെന്നു പോലിസ് വ്യക്തമാക്കി. എന്നാല്‍, തിരച്ചിലില്‍ എന്തെല്ലാം കണ്ടെത്തലുകള്‍ നടത്തി എന്നതു സംബന്ധിച്ച് പോലിസ് പ്രതികരിച്ചില്ല.

അതേസമയം വിവിധ രാജ്യങ്ങളിലെ നികുതി വകുപ്പുകള്‍ പാനമ രേഖകളില്‍ പുറത്തുവിട്ട വിദേശ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി. പാരിസില്‍ നടന്ന നികുതി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചു. രേഖകള്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ആസ്‌ത്രേലിയന്‍ ടാക്‌സ് കമ്മീഷണര്‍ ക്രിസ് ജോര്‍ദാന്‍ അറിയിച്ചു. വിവിധ രാജ്യങ്ങള്‍ക്ക് നിക്ഷേപം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ സംയുക്തമായി അന്വേഷണം നടത്തിയാലാണ് കൂടുതല്‍ വസ്തുതകള്‍ പുറത്തുവരുകയെന്നും അദ്ദേഹം പറഞ്ഞു.
പാരിസ് ആസ്ഥാനമായ സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള സംഘടനയിലെ (ഒഇസിഡി)യില്‍ അംഗങ്ങളായ 38 രാജ്യങ്ങളുടെ പ്രതിനിധികളാണ് ഇന്നലെ യോഗം ചേര്‍ന്നത്. ഒഇസിഡിയിലെയും യൂറോപ്യന്‍ യൂനിയനിലെയും എല്ലാ രാജ്യങ്ങളും പാനമ രേഖകളിലെ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it