kozhikode local

മൊബൈല്‍ മോഷ്ടാവ് പിടിയില്‍

കോഴിക്കോട്: ട്രെയിനിലും റെയില്‍വേ സ്‌റ്റേഷനിലും മൊബൈല്‍ ഫോണ്‍ മോഷണം നടത്തുന്ന യുവാവ് റെയില്‍വേ പോലിസ് പിടിയില്‍. ഇന്നലെ പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് മോഷ്ടിക്കപ്പെട്ട മൊബൈലുകളുമായി മലപ്പുറം പൊന്നാനി സ്വദേശി എം സെയ്ദലവി(39)യെ അറസ്റ്റ് ചെയ്തത്. റെയില്‍വേ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ബി കെ സിജുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിവരവെയാണ് പ്രതിയെ പിടിച്ചത്. സ്ഥിരമായി കാഷായ വസ്ത്രം ധരിച്ച് ട്രെയിനില്‍ പ്രായമായ സ്ത്രീകളുടെയും കുട്ടികളുടെയും അടുത്തിരുന്ന് സൗഹൃദം നടിച്ച് ഫോണ്‍ കളവ് ചെയ്യുന്നതാണ് രീതി.
ഇത്തരം 10ഓളം ഫോണുകള്‍ ഇയാള്‍ കളവ് ചെയ്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ കഴിഞ്ഞദിവസം കോഴിക്കോട് നിന്നും തിരൂരിലേക്ക് ചെന്നൈ മെയിലില്‍ യാത്ര ചെയ്തിരുന്ന കോഴിക്കോട് സ്വദേശി ഫസലുറഹ്മാന്‍ എന്നയാളുടേതാണെന്ന് മനസിലായിട്ടുണ്ട്. കോഴിക്കോട് ടൗണ്‍,റെയില്‍വേ, പൊന്നാനി തുടങ്ങിയ സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. എസ്‌ഐ പി മുരളിധരന്‍, എഎസ്‌ഐ സതീശ് കുമാര്‍, സിപിഒമാരായ എന്‍ കെ മണി, സദാനന്ദന്‍ എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it