മൊഞ്ചത്തികള്‍ക്കും വെച്ചുകെട്ടലുകള്‍: പാരമ്പര്യത്തെ തകര്‍ക്കുന്ന കലോല്‍സവ ഒപ്പന

ഷബ്‌ന സിയാദ്

തിരുവനന്തപുരം:പാരമ്പര്യങ്ങളെ മാറ്റി നിര്‍ത്തി മൊഞ്ചത്തികള്‍ക്ക് വെച്ചുകെട്ടലും കൂട്ടിചേര്‍ക്കലും നടത്തി ഒപ്പനയുടെ തനതു ശൈലി നശിപ്പിക്കുന്നു.
കലോത്സവവേദികളില്‍ എത്തുന്ന മൊഞ്ചേറും മണവാട്ടികള്‍ക്കും തോഴിമാര്‍ക്കും ചമയത്തിന്റെ ഭാഗമായി ശരീര ഭാഗങ്ങളിലടക്കം അനാവശ്യ വെച്ചുകെട്ടലുകള്‍ നടത്തുന്ന പുതിയ പ്രവണതയാണ് കലോത്സവങ്ങളില്‍ കണ്ടുവരുന്നത്. കണ്ണില്‍ സുറുമ എഴുതി, കാതില്‍ അലിക്കത്തിട്ട്, കരിവളകള്‍ കൊട്ടി തികഞ്ഞ പരമ്പരാഗത രീതിയിലെത്തി മൊഞ്ചത്തികള്‍ ഖദീജാബിയെ സ്തുതിച്ച് പാടി ചുവടുവെക്കുന്നതാണ് ഒപ്പനയുടെ രീതി.
ഇശലുകള്‍ തേന്‍മഴയായി പെയ്തിറങ്ങുമ്പോള്‍ മൊഞ്ചേറും മണവാട്ടിക്കൊപ്പം ചുവടുവെയ്ക്കുന്നത് തോഴിമാരാകണമെന്ന നിര്‍ബന്ധവുമുണ്ട്. ചായല്‍, ഇടമുറുക്കം , മുറുക്കം തുടങ്ങിയവ തന്മയതത്വത്തോടെ അവതരിപ്പിക്കാനും പാട്ടിലെ പ്രധാന നിയമങ്ങളായ കമ്പി , കഴുത്ത്, വാല്‍കമ്പി എന്നിവ രസകരമാക്കാനുമാണ് തോഴിമാര്‍ അണിനിരക്കുന്നത്. എന്നാല്‍ മൈലാഞ്ചി പാട്ടിന് പെണ്‍കുട്ടികള്‍ താളമിടുമ്പോള്‍ അനാവശ്യ ചായം തേയ്ക്കലുകള്‍ നടത്തി കഥകളിക്ക് ചുട്ടികുത്തുന്ന രീതിയില്‍ ഒരുക്കം നടത്തുന്നതാണ് ഒപ്പനയുടെ പാരമ്പര്യത്തെ തകര്‍ക്കുന്നത്.
ഒപ്പനയെന്നാല്‍ ചായലും ചെരിയലുമായി തോഴിമാര്‍ കൈകൊട്ടി കളിക്കേണ്ട ഒന്നാണ്. എന്നാല്‍ കലോത്സവവേദിയിലെ ഒപ്പനകള്‍ ഓട്ടമായി മാറിയിരിക്കുന്നുവെന്നാണ് തലശേരിയിലെ ഒപ്പന പരിശീലകര്‍ പറയുന്നത്. തലശേരിയില്‍ നിന്നുള്ള മാഷ്മാരാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒമ്പത് ജില്ലകളില്‍ നിന്നെത്തിയ ടീമുകളേയും പരിശീലിപ്പിക്കുന്നത്.
അനാവശ്യമായി പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ പോലും വെച്ചുകെട്ടലുകള്‍ നടത്തുന്ന പുതിയ പ്രവണത കലോത്സവത്തിനുണ്ടായിരിക്കുന്നതായി പരിശീലകര്‍ തന്നെ കുറ്റപ്പെടുത്തുന്നു. ഒപ്പനയെന്നത് ചെലവേറിയ ഒരു കലയായി മാറ്റിയതിന് പിന്നിലും കലോത്സവങ്ങളുടെ ഇത്തരം ആര്‍ഭാടങ്ങളാണ്. 1500 വര്‍ഷം പഴക്കമുള്ള ഇസ്ലാമിക പാരമ്പര്യത്തെ വിളിച്ചോതുന്ന ഒരു കലയെ അനാവശ്യമായ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയിരിക്കുകയാണെന്നും ഒപ്പനയുടെ പാട്ടുകള്‍ പലതും കാസറ്റുകളില്‍ നിന്ന് പകര്‍ത്തിയെടുക്കുന്നതായും പരിശീലകര്‍ പറയുന്നു. ഖദീജാബിയുടെ ത്യക്കല്യാണം വര്‍ണിക്കുന്ന പാട്ടുകള്‍ക്ക് പകരം ഹാജറ ബീവിയുടെ ചരിത്രം പോലും ഒപ്പന പാട്ടില്‍ വരുന്നു.
ചില പാട്ടുകളില്‍ അര്‍ത്ഥശൂന്യമായ പദപ്രയേഗങ്ങള്‍ കടന്നുകൂടിയിരിക്കുന്നു. ഇതിഹാസതേര് , കൊഞ്ച് , പഞ്ച് തുടങ്ങിയ പ്രയോഗങ്ങള്‍ ഒപ്പനപാട്ടില്‍ ധാരാളമായി കടന്നുകൂടിയിരിക്കുന്നതായും പരിശീലകര്‍ കുറ്റപ്പെടുത്തുന്നു. പെണ്‍കുട്ടികള്‍ മാത്രം കളിക്കുന്ന ഒപ്പന പരിശീലിപ്പിക്കാന്നതാകട്ടെ പുരുഷന്‍മാര്‍ മാത്രമാണെന്നതാണ് മറ്റൊരു വിരോധാഭാസം.
Next Story

RELATED STORIES

Share it