മൈലാഞ്ചി അഴക്

സുധീര്‍ കെ ചന്ദനത്തോപ്പ്

തിരുവനന്തപുരം: മൈലാഞ്ചി പാട്ടിന്റെ ഈണത്തില്‍ നാണം കുണുങ്ങുന്ന മണവാട്ടിമാരും കൈകൊട്ടിപാട്ടും ഒപ്പനയും അരങ്ങ് ഉണര്‍ത്തിയപ്പോള്‍ ഇശലിന്റെ തേന്‍ മഴ പെയ്തിറങ്ങുന്ന അനുഭൂതിയായിരുന്നു ഇന്നലെ കൗമാര കലാമേളയ്ക്ക്. രാവിലെ മുതല്‍ വേദിയിലേക്കുള്ള ജനപ്രവാഹം മല്‍സരം ആരംഭിച്ചതോടെ കുത്തൊഴുക്കായി മാറി. കൈകൊട്ടിപ്പാടിയ കുട്ടികള്‍ക്കൊപ്പം കല്യാണപ്പാട്ടിന് താളമിടാന്‍ തലസ്ഥാന നഗരിയും ഒന്നാകെ ഒഴുകിയെത്തി. കൊഞ്ചിച്ചിരിക്കുന്ന മൊഞ്ചത്തിയെ കൂടെകൂട്ടാനെത്തുന്ന മണവാളന് വേണ്ടി പാടിത്തകര്‍ത്തു തോഴിമാര്‍. തോഴിമാരുടെ കളി പറച്ചിലില്‍ പുതുക്കപ്പെണ്ണുങ്ങള്‍ മതിമറുന്നു. ഇശലൊത്ത പാട്ടും പാട്ടിനൊത്ത കൈമുട്ടും മൈലാഞ്ചിച്ചോപ്പും ഒന്നാം വേദിയെ കല്യാണപ്പുരയാക്കി. ഖദീജബീവിയുടെ കല്യാണമായിരുന്നു ഒപ്പനയില്‍ മിക്ക ടീമുകളും വിഷയമാക്കിയത്.
ഒന്നാം വേദിയായ ചിലങ്കയില്‍ മൊഞ്ചത്തിമാര്‍ ചുവട് വച്ചപ്പോള്‍ വട്ടപ്പാട്ടുമായി രണ്ടാംവേദിയായ നടനത്തില്‍ മണവാളന്‍മാര്‍ അറങ്ങുതകര്‍ത്തു. യവനികയയില്‍ നടക്കേണ്ടിയിരുന്ന വട്ടപ്പാട്ട് സ്ഥലപരിമിധി ചൂണ്ടാക്കാട്ടിയുള്ള ആസ്വാദകരുടെ പരാതിയെ തുടര്‍ന്നാണ് അപ്രതീക്ഷിതമായ നടനത്തിലേക്ക് മാറ്റിയത്. ഉച്ചയ്ക്ക് ശേഷം പരമ്പരാഗത താളങ്ങളും ചുവടുകളും കൈവിടാതെ അതിനൊപ്പം പുതിയ ശൈലികള്‍ സമന്വയിപ്പിച്ചും അറബന മൂന്നാംവേദിയായ മയൂരത്തില്‍ മുട്ടിക്കയറി.
ഇതേസമയം തന്നെ മിന്നായം കണക്കെ മെയ് വഴക്കത്തോടെ കോലടിച്ച സംഘങ്ങള്‍ യവനികയിലെ സദസ്യരെ കൈയടക്കി. കളിക്കോലുകളുടെ കൂട്ടിയുരുമ്മലില്‍ കൗമാര കലയുടെ അനിര്‍വചനീയ നിമിഷങ്ങള്‍ പിറന്നപ്പോള്‍ ചുട്ടുപ്പൊള്ളുന്ന ഉച്ച വെയിലിലും കാണികള്‍ അക്ഷമയോടെ കാത്തിരുന്നു. ഒപ്പം കൈയടിച്ചും താളമിട്ടും ലയിച്ച് ചേര്‍ന്നു. വിവിധ അറബി ഇശലുകള്‍ക്കൊത്ത് മെയ് വഴക്കത്തോടെ കോലടിച്ചാണ് കോല്‍ക്കളി സംഘങ്ങള്‍ ആസ്വാദകരുടെ മനസ്സിലേക്കു കൂടി കളിച്ചു കയറിയത്.
വേനല്‍ ചൂടിന്റെ പാരമ്യതയില്‍ നിന്നും സായന്ത്വനത്തിലേക്ക് നീങ്ങിയപ്പോള്‍ ഗസല്‍ മഴയുമായി ആറാം വേദിയായ വാനമ്പാടി അലിഞ്ഞുചേര്‍ന്നു. നാടോടിനൃത്തവും മിമിക്രിയും കഥകളിയുമെല്ലാം മറ്റ് വേദികളെ ഇന്നലെ സമ്പന്നമാക്കി.
Next Story

RELATED STORIES

Share it