മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ; വിഎസിന്റെ ഹരജിയില്‍ 20ന് കോടതി വിധി പറയും

തിരുവനന്തപുരം: എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഹരജിയില്‍ വിജിലന്‍സ് കോടതി 20ന് വിധിപറയും. തട്ടിപ്പിനെക്കുറിച്ച് വിജിലന്‍സ് നടത്തിയ രഹസ്യ പരിശോധനാ റിപോര്‍ട്ട് മുദ്രവച്ച കവറില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
പിന്നാക്ക വികസന കോര്‍പറേഷന്റെ ജില്ലാ ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ ജില്ലാ ശാഖകള്‍ക്ക് മാത്രമല്ലേ ഉത്തരവാദിത്തമെന്ന് വിഎസിന്റെ ഹരജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു. ചുമതല ജില്ലാ ശാഖകള്‍ക്കായിരിക്കെ കേസില്‍ എസ്എന്‍ഡിപി നേതൃത്വം എങ്ങനെ ഉത്തരവാദിയാവുമെന്നും കോടതി ചോദിച്ചു. എന്നാല്‍, വായ്പ കരാര്‍ ഒപ്പിട്ടത് എസ്എന്‍ഡിപി യോഗമാണെന്ന് വിഎസിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് കീഴ്ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ക്കാണ് ഇടപാടില്‍ പങ്കെന്നും അഭിഭാഷകന്‍ വാദിച്ചു.
2011 മുതല്‍ 2015 വരെ മൈക്രോഫിനാന്‍സിന്റെ മറവില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ 15 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് വിഎസ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് കുറഞ്ഞ പലിശക്കെടുത്ത പണം 18 ശതമാനം പലിശക്ക് വായ്പ നല്‍കിയതിലൂടെ 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു വിഎസിന്റെ പരാതി. വെള്ളാപ്പള്ളിയെ കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോ-ഓഡിനേറ്റര്‍ കെ കെ മഹേശന്‍, പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ മുന്‍ എംഡി എന്‍ നജീബ് എന്നിവര്‍ക്കെതിരേയും വിഎസ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു.
അതേസമയം, മൈക്രോഫിനാന്‍സിന്റെ മറവില്‍ 80.3 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. രഹസ്യ പരിശോധനയിലാണ് വിജിലന്‍സ് തട്ടിപ്പ് കണ്ടെത്തിയത്. ഈ പരിശോധനയുടെ റിപോര്‍ട്ടാണ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്. രഹസ്യ പരിശോധനാ റിപോര്‍ട്ട് സമര്‍പ്പിച്ച വിജിലന്‍സ് അഭിഭാഷകന്‍, കോടതിക്ക് യുക്തമായ തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. വിജിലന്‍സിന്റെ രഹസ്യ പരിശോധനാ റിപോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാവും 20ന് കേസില്‍ കോടതി വിധി പറയുക.
Next Story

RELATED STORIES

Share it