മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ; വെള്ളാപ്പള്ളിക്കെതിരേ വിജിലന്‍സിന് ഹരജി നല്‍കി

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഹരജി നല്‍കി. ഇന്നലെ രാവിലെ 11 മണിയോടെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ് വിഎസ് ഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ജനുവരി ആറിന് കേസ് പരിഗണിക്കും.
5,015 കോടി രൂപയുടെ ക്രമക്കേടാണ് മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയതെന്ന് ഹരജി നല്‍കിയ ശേഷം വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊതുപണം ദുരുപയോഗിച്ച് 18 ശതമാനം പലിശക്കാണ് പണം കടം കൊടുത്തത്. നാലു പേര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കുലംകുത്തി ആരാണെന്ന് കോടതിവിധി വരുമ്പോള്‍ അറിയാമെന്നും വെള്ളാപ്പള്ളിക്ക് മറുപടിയായി വി എസ് പറഞ്ഞു.
മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചിരുന്നു. ഇതില്‍ നടപടിയുണ്ടാവാത്തതിനാലാണ് നേരിട്ട് കോടതിയെ സമീപിച്ചത്. വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് വിഎസ് ഹരജിയുമായി കോടതിയെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്.
പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോഫിനാന്‍സ് പദ്ധതിയെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. കൂടിയ പലിശ ഈടാക്കുന്നതും യോഗം ഭാരവാഹികള്‍ വായ്പാതുക കൃത്യമായി തിരിച്ചടയ്ക്കാത്തതും കാരണം വായ്പയെടുത്തവര്‍ ജപ്തിഭീഷണിയിലായെന്നായിരുന്നു പ്രധാന പരാതി. ഇതുമായി ബന്ധപ്പെട്ട പരാതികളില്‍ പത്തനംതിട്ട യൂനിയന്‍ പ്രസിഡന്റ് കെ പത്മകുമാര്‍, തൃശൂര്‍ മണ്ണൂത്തി യൂനിയന്‍ കണ്‍വീനര്‍ പവിത്രന്‍ എന്നിര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു.
Next Story

RELATED STORIES

Share it