മൈക്രോ ഫിനാന്‍സ് ക്രമക്കേട്; എസ്എന്‍ഡിപി അടൂര്‍ യൂനിയന്‍ യോഗം അലങ്കോലപ്പെട്ടു

അടൂര്‍: എസ്എന്‍ഡിപി അടൂര്‍ യൂനിയന്‍ സംഘടിപ്പിച്ച നേതൃയോഗം അലങ്കോലപ്പെട്ടു. മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടകനായ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സ്ഥലത്തെത്താതെ മടങ്ങി.
മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് അടൂരില്‍ നടന്ന തട്ടിപ്പിനു നേതൃത്വം മറുപടി പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നടക്കുന്ന അടൂര്‍ യൂനിയന്റെ കണ്‍വീനറായി ബിജെപി നേതാവിനെ കൊണ്ടുവന്നതിനു ശേഷമുള്ള ആദ്യയോഗമാണ് അലങ്കോലപ്പെട്ടത്.
കഴിഞ്ഞ ദിവസം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് ഇടപെട്ടാണ് അടൂര്‍ യൂനിയന്റെ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍വീനറായി ബിജെപി നേതാവ് മണ്ണടി മോഹനനെ കൊണ്ടുവന്നത്. മോഹനന്‍ പ്രസംഗിക്കാന്‍ തുടങ്ങിയതോടെയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ വേദിയില്‍ കയറിയത്. മുഖ്യപ്രഭാഷകനായ രമേശ് രാജ്ഖട്ട് രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണത്തെക്കുറിച്ചു വിശദീകരിക്കാന്‍ ശ്രമിച്ചതും വേദിയിലേക്ക് ഇരച്ചുകയറിയ സ്ത്രീകള്‍ അടക്കമുള്ളവരുടെ പ്രതിഷേധം ശക്തമാക്കി.
66 ശാഖാ യോഗങ്ങളില്‍പ്പെട്ട കുടുംബങ്ങളിലെ നൂറുകണക്കിനു വീട്ടമ്മമാരാണ് തുഷാര്‍ വെള്ളാപ്പള്ളി വരുന്നുണ്ടെന്ന വിവരമറിഞ്ഞ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്നലെ 11ഓടെ യോഗം നടന്ന മേലേടത്ത് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഉന്തും തള്ളുമുള്‍പ്പെടെയുള്ള പ്രതിഷേധ രംഗങ്ങള്‍ അരങ്ങേറിയത്. ഇതിനിടയില്‍ യോഗം ഉദ്ഘാടകനായിരുന്ന യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തിരുവല്ലയിലെ ഒരു പരിപാടിക്കു ശേഷം പന്തളത്തെത്തിയിരുന്നു. വനിതകളുടെ പ്രതിഷേധ വിവരം അറിഞ്ഞ തുഷാര്‍ യോഗസ്ഥലത്തെത്താതെ മടങ്ങുകയായിരുന്നു.
വായ്പ അടച്ചുതീര്‍ത്ത ശാഖാംഗങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാരില്‍ ചിലര്‍ യൂനിയന്‍ ഓഫിസ് ഉപരോധിച്ചു. വായ്പ തിരിച്ചടവിനെക്കുറിച്ചുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടു മാത്രമേ മറ്റു പരിപാടികള്‍ നടത്താന്‍ ആരെയും അനുവദിക്കുകയുള്ളൂവെന്നും ശാഖാംഗങ്ങള്‍ പറഞ്ഞു.
ഏഴു കോടിയുടെ ക്രമക്കേടാണ് അടൂര്‍ യൂനിയനു കീഴില്‍ മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് ഉയരുന്നത്. 2012ല്‍ മൈക്രോ ഫിനാന്‍സ് പദ്ധതി പ്രകാരം വായ്പയെടുത്തവരായിരുന്നു പ്രതിഷേധത്തിനെത്തിയത്.
Next Story

RELATED STORIES

Share it