Idukki local

മൈക്രോ ഫിനാന്‍സില്‍ അഴിമതി; അഞ്ചു കോടിയുടെ തിരിമറിയെന്ന് അന്വേഷണ റിപോര്‍ട്ട്

തൊടുപുഴ: മൈക്രോ ഫിനാന്‍സിനായി എടുത്ത അഞ്ചു കോടി രൂപ എസ്എന്‍ഡിപി ദുരുപയോഗിച്ചെന്ന് സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്റെ അന്വേഷണ റിപോര്‍ട്ട്. തോട്ടം തൊഴിലാളികളായ സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയുണ്ടാക്കി പണം തട്ടിയെടുത്തെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനും പ്രസിഡന്റ് ഡോ. എം എന്‍ സോമനുമെതിരേ കോര്‍പറേഷന്‍ ജപ്തി നടപടി ആരംഭിച്ചു.അതേ സമയം വിവരം പുറത്തുവിടാതിരിക്കാന്‍ ശക്തമായ സമ്മര്‍ദ്ദമാണ് തോട്ടം തോഴിലാളികള്‍ക്കുമേലുള്ളത്.
സംസ്ഥാന പിന്നോക്ക വികസന കോര്‍പറേഷന്റെ കൊല്ലം ശാഖയില്‍ നിന്ന് ചെറുകിട സംരംഭങ്ങള്‍ക്ക് നല്‍കാനായി എസ്എന്‍ഡിപി എടുത്തത് അഞ്ചുകോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതില്‍ 53 ലക്ഷം രൂപ വിനിയോഗിച്ചത് ഇടുക്കി ജില്ലയിലാണ്. ഇതെങ്ങനെ വിനിയോഗിച്ചെന്ന ഇടുക്കി ജില്ലാ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 10 സ്വാശ്രയസംഘങ്ങളിലായി 248 പേര്‍ക്ക് പണം നല്‍കിയെന്ന് യോഗം അവകാശപ്പെടുന്നെങ്കിലും ആര്‍ക്കും ലഭിച്ചില്ലെന്ന് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.
ഇങ്ങനെ വഞ്ചിക്കപ്പെട്ടവരില്‍ മിക്കവരും എലത്തോട്ടങ്ങളിലെ തൊഴിലാളി സ്ത്രീകളാണ്. ഈ പണമിടപാടുമായി ഒരു ബന്ധവുമില്ലെന്ന് അവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി. പണ്ട് വായ്പ വാങ്ങി ത്തരാമെന്ന് പറഞ്ഞ് ചിലര്‍ ഫോട്ടാ വാങ്ങിപോയി.
ചില രേഖകളില്‍ ഒപ്പിടുവിക്കുകയും ചെയ്‌തെന്നും ഇവര്‍ മൊഴി നല്‍കി. പിന്നീട് യാതൊരു അറിവുമില്ല.
തിരഞ്ഞെടുപ്പ് കഴിയും വരെ ഒന്നും പുറത്തുപറയരുതെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു.
വിവാഹം, മരണം തുടങ്ങിയ ആവശ്യങ്ങളില്‍ ശാഖാ യോഗങ്ങളുടെ ഊരുവിലക്ക് ഭീഷണി ഭയന്നാണ് പലരും സത്യം പുറത്തുപറയാന്‍ മടിക്കുന്നത്. മിക്ക തൊഴിലാളി സ്ത്രീകളും ജപ്തി വരുമോ എന്ന ഭയത്തിലാണ് കഴിയുന്നത്.
വായ്പ തിരിച്ചടക്കാത്തതിനാല്‍ ജപ്തി നടപടി ആരംഭിച്ചതായി പിന്നോക്ക വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. യോഗം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലാണു നടപടിക്ക് നീക്കമെങ്കിലും വായ്പക്കാരെ നിയമപരമായി എങ്ങനെ ഒഴിവാക്കുമെന്ന ചോദ്യം ശേഷിക്കുന്നു.
Next Story

RELATED STORIES

Share it