മൈക്രോ ഫിനാന്‍സിലെ അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം: വെള്ളാപ്പള്ളി

ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നു യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അറിഞ്ഞോ അറിയാതയോ ഒരു തെറ്റും ചെയ്തിട്ടില്ല. യോഗത്തിന്റെ നേതൃത്വത്തില്‍ വിവിധ സമുദായ സംഘടനകള്‍ ചേര്‍ന്ന് ഉണ്ടാക്കിയ രാഷ്ട്രീയപ്പാര്‍ട്ടിയെ തകര്‍ക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ തന്നെ വേട്ടയാടുകയാണ്.

പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പ താഴെ തട്ടിലേക്ക് കൈമാറി. തിരിച്ചടവില്‍ ഇതുവരെയും വീഴ്ച വരുത്തിയിട്ടില്ല. കോര്‍പറേഷന്റെ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ താഴെ തട്ടില്‍ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. എന്താണ് വീഴ്ചയെന്ന് തന്നെ അറിയിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം നേതൃത്വത്തോട് ആരും വിശദീകരണം ചോദിച്ചിട്ടില്ല. പീഡിപ്പിച്ച് കൊല്ലുംമുമ്പ് പീഡനത്തിന് ഇരയാവുന്നവരോട് പീഡനത്തിനുള്ള  കാരണംകൂടി വ്യക്തമാക്കണം. മറുപടി പറയാന്‍ അവസരം നല്‍കണം. സാമൂഹിക നീതി നിഷേധിക്കപ്പെട്ട ഈഴവ സമുദായത്തിനു മനുഷ്യാവകാശ നീതി പോലുമില്ല.

മറ്റു സമുദായങ്ങളുടെ മൈക്രോ ഫിനാന്‍സ് വായ്പാ വിതരണത്തെപ്പറ്റി ഒരു അന്വേഷണവുമില്ല. യോഗത്തെ തകര്‍ക്കാന്‍ ഭരണ-പ്രതിപക്ഷം ഒരുമിച്ചു ഗൂഢാലോചന നടത്തുകയാണ്. ഇതുകൊണ്ടൊന്നും സമുദായത്തിനു രാഷ്ട്രീയ അധികാരം നേടിയെടുക്കാനുള്ള പോരാട്ടത്തില്‍നിന്നു പിന്മാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആരോപണങ്ങളെ നിയമപരമായി നേരിടും. ലക്ഷക്കണക്കിനു പിന്നാക്കക്കാര്‍ക്ക് അത്താണിയായ മൈക്രോഫിനാന്‍സ് പദ്ധതി തുടരുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it