മൈക്രോ ഫിനാന്‍സിന്റെ പേരില്‍ അഴിമതി

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വീണ്ടും കോഴ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. എസ്.എന്‍.ഡി.പി. യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൈക്രോ ഫിനാന്‍സ് ഇടപാടുകളില്‍ ഗുരുതര അഴിമതിയും തട്ടിപ്പുമാണു നടക്കുന്നതെന്ന് വി എസ് ആരോപിച്ചു. പാവപ്പെട്ട ഈഴവ സമുദായക്കാര്‍ക്കു ലഭിക്കേണ്ട കോടിക്കണക്കിനു രൂപ സ്വകാര്യാവശ്യത്തിലേക്കു തട്ടിയെടുത്തതു സംബന്ധിച്ചും അധ്യാപകനിയമനത്തിലും വിദ്യാര്‍ഥിപ്രവേശനത്തിലും നടത്തിയ അഴിമതിയെക്കുറിച്ചും സി.ബി.ഐ. അന്വേഷണം നടത്തണം. ഇതിനു സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ നിയമപരമായ നടപടിയുമായി മുന്നോട്ടുപോവും. ആരോപണമുന്നയിക്കുമ്പോള്‍ പുച്ഛിച്ചു തള്ളുന്നുവെന്നു പറഞ്ഞ് തടിതപ്പാതെ വസ്തുതകള്‍ ജനങ്ങളെ അറിയിക്കാന്‍ വെള്ളാപ്പള്ളി തയ്യാറാവണം. അല്ലാതെ വെള്ളാപ്പള്ളിയെ താന്‍ വിടില്ലെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പറേഷനില്‍നിന്നു നടേശന്‍ 15 കോടി രൂപയാണ് മൈക്രോ ഫിനാന്‍സിന്റെ പേരില്‍ പാവപ്പെട്ട ഈഴവര്‍ക്കു വായ്പ നല്‍കാനായെടുത്തത്. കൂടാതെ സംസ്ഥാനത്തെ ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്ന് 600 കോടിയോളം രൂപ ഈവിധത്തിലെടുത്തു. ഇപ്രകാരം 15 കോടി രൂപ കേവലം രണ്ടുശതമാനം വാര്‍ഷിക പലിശയ്ക്കാണ് കോര്‍പറേഷന്‍ എസ്.എന്‍.ഡി.പിക്ക് കീഴിലുള്ള സ്വയംസഹായസംഘങ്ങള്‍ വഴി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു നല്‍കിയത്. വായ്പ പരമാവധി അഞ്ചുശതമാനം പലിശയ്ക്കു വേണം ഉപഭോക്താക്കള്‍ക്കു നല്‍കേണ്ടത്. എന്നാല്‍, 12 ശതമാനം പലിശയ്ക്കാണ് എസ്.എന്‍.ഡി.പി. യോഗം വായ്പ നല്‍കിയത്. വായ്പകളൊക്കെ നല്‍കിയതു യാതൊരു ജാമ്യവുമില്ലാതെയാണ്.കൂടാതെ വ്യാജ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഈ പണം സ്വകാര്യാവശ്യത്തിനു നടേശന്‍ തട്ടിയെടുത്തു. പേരിന് 10 ശതമാനത്തിനു താഴെ ആളുകള്‍ക്കാണു വായ്പ നല്‍കിയത്. ബാക്കി മുഴുവന്‍ തുകയും എസ്.എന്‍.ഡി.പി. യോഗനേതാക്കള്‍ സ്വകാര്യാവശ്യത്തിനു വിനിയോഗിക്കുകയാണു ചെയ്തത്. ആളുകളുടെ പേരും വ്യാജ വിലാസവും നല്‍കിയാണ് കോര്‍പറേഷനെ കബളിപ്പിച്ചിരിക്കുന്നത്. പല സംഘടനകളുടെയും പേരില്‍ വ്യാജരേഖയുണ്ടാക്കിയാണു വായ്പയെടുത്തതെന്ന് കോര്‍പറേഷന്റെ ജില്ലാ മാനേജര്‍മാരുടെ റിപോര്‍ട്ടില്‍ പറയുന്നുണ്ട്.വായ്പ ദുര്‍വിനിയോഗം ചെയ്‌തെന്ന് അക്കൗണ്ടന്റ് ജനറലും സി.എം.ഡി (സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ്)യും റിപോര്‍ട്ട് ചെയ്തശേഷവും യാതൊരു നടപടിയുമെടുക്കരുതെന്നാണു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശം. ഇതുസംബന്ധിച്ച വിജിലന്‍സ് റിപോര്‍ട്ട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തടഞ്ഞുവച്ചിരിക്കുകയാണ്. വായ്പാ ദുര്‍വിനിയോഗം തെളിഞ്ഞ സാഹചര്യത്തില്‍ എസ്.എന്‍.ഡി.പി. പിഴപ്പലിശയോടുകൂടി പണം തിരിച്ചടയ്ക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it