മൈക്രോഫിനാന്‍സ് തട്ടിപ്പുകേസ്: രണ്ടുമാസം കൂടി സമയം വേണമെന്ന് വിജിലന്‍സ്; കേസ് പരിഗണിക്കുന്നത് മെയ് 31ലേക്ക് മാറ്റി

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടുമാസംകൂടി സമയം അനുവദിക്കണമെന്ന് വിജിലന്‍സ് സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, രണ്ടുതവണ സമയം നീട്ടിനല്‍കിയിട്ടുള്ളതിനാല്‍ വിജിലന്‍സിനോട് അന്വേഷണ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ അന്ത്യശാസനം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇരുവാദങ്ങളും പരിഗണിച്ച കോടതി കേസ് വീണ്ടും പരിഗണിക്കുന്നത് മെയ് 31ലേക്ക് മാറ്റി. കേസില്‍ ഇതുവരെ 15 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും അമ്പതോളം രേഖകള്‍ പരിശോധിച്ചതായും സംഘം അറിയിച്ചു. കേസില്‍ പ്രാഥമികാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനു കോടതി നല്‍കിയ രണ്ടാം സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.
കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് കേസ് കോടതി പരിഗണിച്ചപ്പോഴാണ് വിജിലന്‍സിന്റെ ആവശ്യപ്രകാരം കോടതി രണ്ട് മാസം സമയം അനുവദിച്ചിരുന്നത്. മൈക്രോഫിനാന്‍സിന്റെ മറവില്‍ 15 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് ഹരജി സമര്‍പ്പിച്ചത്. കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. അതിനു പുറമെയാണ് വിജിലന്‍സ് അന്വേഷണത്തിന് കോടതി നിര്‍ദേശം നല്‍കിയത്.
എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സില്‍ 80.3 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയതായി പറയുന്ന വിജിലന്‍സിന്റെ രഹസ്യപരിശോധനാ റിപോര്‍ട്ട് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിന്‍ കോടതിക്ക് കൈമാറിയിരുന്നു.
Next Story

RELATED STORIES

Share it