മേല്‍പ്പാലം ദുരന്തം: നാലുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: മധ്യ കൊല്‍ക്കത്തയില്‍ തകര്‍ന്നുവീണ മേല്‍പ്പാലത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രണ്ടു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി.
ദുരന്തനിവാരണ സേനയും അഗ്നിശമനസേനയുമാണ് ഇന്നലെ രാവിലെ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരിച്ചവര്‍ തൊട്ടടുത്ത ക്ഷേത്രത്തിനു സമീപത്തെ ഭിക്ഷക്കാരാണെന്നാണു നിഗമനം. അപകടമേഖലയില്‍ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാവാനാണു സാധ്യത.
അതേസമയം, മേല്‍പ്പാലം നിര്‍മാണത്തിനു കരാറെടുത്ത ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ നാല് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി വൈകിയാണു കൊല്‍ക്കത്ത പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. പാലത്തിന്റെ മറ്റൊരു ഭാഗംകൂടി തകരാന്‍ സാധ്യതയുള്ളതിനാല്‍ കരുതലോടെയാണു രക്ഷാപ്രവര്‍ത്തനമെന്നു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
സംഭവസ്ഥലവും പരിക്കേറ്റവരെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനല്ല, ദുരന്തത്തിന്റെ ഇരകള്‍ക്കു പിന്തുണ നല്‍കാനാണ് ഇവിടെയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ബിജെപി ആരോപിച്ചു. രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം വരുമെന്നതിനാല്‍ കേന്ദ്രമന്ത്രിമാര്‍ അപകടസ്ഥലം സന്ദര്‍ശിക്കരുതെന്ന് ബിജെപി തീരുമാനിച്ചിട്ടുണ്ടെന്ന് ദേശീയ സെക്രട്ടറി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it