kannur local

മേയറെ കൈയേറ്റം ചെയ്തതിനെതിരേ കോര്‍പറേഷന്‍ പ്രമേയം

കണ്ണൂര്‍: വാര്‍ഡ് സഭയ്‌ക്കെത്തിയ മേയര്‍ ഇ പി ലതയെയും കൗ ണ്‍സിലര്‍ പി കെ രാഗേഷിനെയും പള്ളിയാംമൂലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതിനെതിരേ അടിയന്തിര കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം പ്രമേയം അവതരിപ്പിച്ചു. മേയര്‍ ഇ പി ലത അവതരിപ്പിച്ച പ്രമേയം ഡെപ്യൂട്ടി മേയര്‍ സി സമീര്‍ പിന്താങ്ങി. പ്രമേയം ഐക്യകണ്‌ഠ്യേന പാസ്സാക്കിയ ശേഷം കൂടുതല്‍ ചര്‍ച്ചകളൊന്നുമില്ലാതെ യോഗം അവസാനിപ്പിച്ചു.
എന്നാല്‍ പ്രമേയത്തെ പിന്താങ്ങി സംസാരിച്ച പഞ്ഞിക്കീല്‍ വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് വിതമനുമായ പി കെ രാഗേഷ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പള്ളിയാംമൂലയില്‍ നടന്നത് ജനാധിപത്യത്തിന്റെ ധ്വംസനമാണെന്നും ഏതു പാര്‍ട്ടിക്കാരായാലും ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്നും പി കെ രാഗേഷ് പറഞ്ഞു. മദ്യപിച്ചു ലക്കുകെട്ട ഒരു സംഘമാണ് സംഘര്‍ഷത്തിനു ശ്രമിച്ചത്. കേട്ടാലറക്കുന്ന വാക്കുകളാണ് മേയര്‍ക്കെതിരേ പ്രയോഗിച്ചത്. ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കിയില്ല. തന്റെ വോട്ട് വാങ്ങി ചെയര്‍പേഴ്‌സനാവാമെന്നു ധരിക്കുന്നവര്‍ തന്നെ വേട്ടയാടുകയാണ്. ഇത്തരം പ്രവൃത്തികള്‍ ഇനിയൊരു കൗണ്‍സിലര്‍ക്കും ഉണ്ടാവരുത്. കോര്‍പറേഷനിലെ ഏതു വാര്‍ഡിലും ഏതൊരു കൗണ്‍സിലര്‍ക്കും പോവാന്‍ കഴിയുന്ന അവസ്ഥയുണ്ടാവണം. ജനാധിപത്യ മാര്‍ഗത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട തന്നെ അപമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മേയറെയും പി കെ രാഗേഷിനെയും ആരും അപമാനിച്ചിട്ടില്ലെന്നും സംഘര്‍ഷാവസ്ഥയുണ്ടായപ്പോള്‍ താന്‍ തന്നെ സംസാരിച്ച് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചെങ്കിലും മേയര്‍ ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് പള്ളിയാംമൂല കൗണ്‍സിലര്‍ പി കെ ജെമിനി പറഞ്ഞു. സത്യാവസ്ഥ ഇതായിരിക്കെ കൈയേറ്റം ചെയ്‌തെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും പറഞ്ഞ ജെമിനി, പ്രമേയത്തെ പിന്താങ്ങുകയും സംഭവത്തെ അപലപിക്കുകയും ചെയ്തു. കൗണ്‍സിലറുടെ വാദം തെറ്റാണെന്നും ഒരു സ്ത്രീയെന്ന നിലയില്‍ കേട്ടാലറയ്ക്കുന്ന പ്രയോഗമാണ് പ്രതിഷേധക്കാര്‍ നടത്തിയതെന്നും കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് പാതിവഴിയില്‍ ഇറങ്ങിപ്പോയതെന്നും മേയര്‍ ഇ പി ലത വിശദീകരിച്ചു.
Next Story

RELATED STORIES

Share it