kozhikode local

മേയര്‍സ്ഥാനാര്‍ഥി: യു.ഡി.എഫില്‍ തീരുമാനമാവുന്നില്ല

കോഴിക്കോട്: എല്‍.ഡി.എഫില്‍ നിന്നും കോഴിക്കോട് കോര്‍പറേഷന്‍ തിരിച്ചു പിടിക്കാനുള്ള ചുമതലയേറ്റെടുക്കാന്‍ യു.ഡി.എഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ്സില്‍ നേതാക്കളില്ല. കോര്‍പറേഷന്‍ മേയര്‍ പദവി കൊതിച്ച് 2010ലെ തിരഞ്ഞെടുപ്പില്‍ മുന്‍മന്ത്രി അഡ്വ. എം ടി പത്്മ ജയിക്കുകയും ഭരണം എല്‍.ഡി.എഫിന് തന്നെ ലഭിക്കുകയും ചെയ്തപ്പോള്‍ ഉണ്ടായ ഗതി ഉണ്ടാകുമോ എന്ന ഭയമാണ് നേതാക്കള്‍ക്ക്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നപ്പോള്‍ മുന്‍ മന്ത്രിയും എം.പിയുമായ അഡ്വ. പി ശങ്കരന്റെ പേരാണ് ആദ്യം മേയര്‍ പദവിയിലേക്ക് വന്നത്. എന്നാല്‍ താന്‍ തീര്‍ത്തും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാനില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു.

തൊട്ടുപിറകെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ് ബാബുവിന്റെ പേരിലായി മേയര്‍ സ്ഥാനം. അതിനു ശേഷം കെ.പി.സി.സി. സെക്രട്ടറി ജയന്തിന്റെ പേരും വന്നു. ഏറ്റവും ഒടുവിലാണ് ഡി.സി.സി. അധ്യക്ഷന്‍ കെ സി അബുവിന്റെ പേരും കേട്ടത്. അദ്ദേഹം അത് തള്ളി. മേയര്‍ പദവി മോഹിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നവര്‍ക്കായിരിക്കും തിരഞ്ഞെടുപ്പിന്റെ ഫണ്ട് സ്വരൂപിക്കല്‍ തുടങ്ങി സ്ഥാനാര്‍ഥികളെ മുഴുവന്‍ ജയിപ്പിക്കേണ്ട ചുമതല വരെ ഏറ്റെടുക്കേണ്ടിവരിക.

ഇവരിലാരെങ്കിലും ഒരാള്‍ മേയറാവാന്‍ കൊതിച്ച് മല്‍സരിക്കാനിറങ്ങിയാല്‍ ജയിച്ചു കയറുന്നതുവരെ യു.ഡി.എഫിലുണ്ടാകുന്ന എല്ലാ നൂലാമാലകളും ഏറ്റെടുക്കേണ്ടിയും വരും.എം.എല്‍.എ ആവാന്‍ കാലങ്ങളായി നോമ്പു നോറ്റിരിക്കുന്നവരാണ് ഇവരില്‍ എല്ലാവരും. ഏതായാലും യു.ഡി.എഫിന് മേയറാക്കാന്‍ ഇനി പുതുമുഖങ്ങളെ തേടേണ്ട ഗതികേടാണുള്ളത്.
Next Story

RELATED STORIES

Share it