ernakulam local

മേടച്ചൂടിനെ വകവയ്ക്കാതെ വ്യവസായ നഗരം തിരഞ്ഞെടുപ്പു ചൂടിലേക്ക്

കളമശ്ശേരി: മേടച്ചൂടില്‍ കേരളത്തിന്റെ വ്യവസായനഗരമായ കളമശ്ശേരി തിരഞ്ഞെടുപ്പ് അങ്കത്തിന് സ്ഥാനാര്‍ഥികള്‍ കച്ചകെട്ടി രംഗത്ത്.
ഇരുമുന്നണികള്‍ക്കും ഏറെ സാധ്യതയുള്ള കളമശ്ശേരി മണ്ഡലത്തില്‍ ഒരിക്കല്‍കൂടി യുഡിഎഫ് വിജയക്കൊടി പാറിക്കാന്‍ എല്ലാ അടവുകളും പയറ്റുകയാണ്. അതേസമയം ഫലം പ്രവചനാനീതമാണെന്നും ഇത്തവണ ഇടതുമുന്നണി വ്യവസായനഗരം പിടിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ്.
2011 മണ്ഡലം പുനക്രമീകരിച്ചപ്പോള്‍ രൂപം കൊണ്ടതാണ് കളമശ്ശേരി മണ്ഡലം. കളമശ്ശേരി, ഏലൂര്‍ നഗരസഭകളും ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കുന്നുകര എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കളമശ്ശേരി മണ്ഡലം.
2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ട്രേഡ് യൂനിയന്‍ നേതാവ് കെ ചന്ദ്രന്‍പിള്ളയെ പരാജയപ്പെടുത്തിയാണ് വി കെ ഇബ്രാഹിംകുഞ്ഞ് കളമശ്ശേരി മണ്ഡലത്തില്‍ ആദ്യമായി വിജയം നേടിയത്. മുന്നണി സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് കളമശ്ശേരി മണ്ഡലം മുസ്‌ലീം ലീഗിന് വിട്ടുനല്‍കിയത്.
രണ്ടുവട്ടം മട്ടാഞ്ചേരിയില്‍ നിന്നും വിജയിച്ച ഇബ്രാഹിംകുഞ്ഞ് നാലാംതവണയാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. യുഡിഎഫിനെതിരേ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആലുവയിലെ മുന്‍ എംഎല്‍എ കൂടിയാണ്.
2006ലെ തിരഞ്ഞെടുപ്പില്‍ ആലുവയിലെ സിറ്റിങ് എംഎല്‍എയായിരുന്ന കെ മുഹമ്മദാലിയെ പരാജയപ്പെടുത്തിയാണ് എ എം യൂസഫ് ആലുവയുടെ എംഎല്‍എ ആയത്. അതേസമയം 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എ എം യൂസഫിനെ കന്നിക്കാരനായ അന്‍വര്‍സാദത്ത് പരാജയപ്പെടുത്തി.
കളമശ്ശേരി മണ്ഡലത്തില്‍ ഇത്തവണ സിറ്റിങ് എംഎല്‍എയും മുന്‍ എംഎല്‍എയും തമ്മിലുള്ള മല്‍സരമാണ് നടക്കുന്നത്. 2011ല്‍ വിജയിച്ച ഇബ്രാഹിംകുഞ്ഞ് കളമശ്ശേരി മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ വിജയത്തിനു സഹായകരമാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. കുറഞ്ഞ കാലം വ്യവസായ മന്ത്രിയായും എഫ്‌ഐടിയുടെ ചെയര്‍മാനായും കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗമായും നേരത്തെ ഇബ്രാഹിംകുഞ്ഞ് സേവനമനുഷ്ടിച്ചിട്ടുണ്ട്.
2006ല്‍ ആലുവ എംഎല്‍എയായിരുന്ന യൂസഫ് കുറഞ്ഞകാലം കളമശ്ശേരി നഗരസഭ ചെയര്‍മാനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലുണ്ടായ വിജയമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഏലൂര്‍ നഗരസഭ, ആലങ്ങാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍ പഞ്ചായത്തുകള്‍ ഇപ്പോള്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്.
അതേസമയം കളമശ്ശേരി നഗരസഭയും കുന്നുകര പഞ്ചായത്തും യുഡിഎഫ് ഭരിക്കുമ്പോള്‍ മറ്റു പഞ്ചായത്തുകളും നഗരസഭയും കൈവിട്ടുപോയത് മുന്നണിക്കകത്തെ അഭിപ്രായ ഭിന്നതകൊണ്ടു മാത്രമാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. സംഘടനാ പ്രവര്‍ത്തനരംഗത്തും ട്രേഡ് യൂനിയന്‍ രംഗത്തും മനുഷ്യാവകാശ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള ഷെഫീര്‍ മുഹമ്മദിനെയാണ് എസ്ഡിപി ഐ കളമശ്ശേരി മണ്ഡലത്തില്‍ മല്‍സരത്തിനിറക്കിയിരിക്കുന്നത്.
ട്രേഡ് യൂനിയന്‍ രംഗത്ത് ഏറെ പ്രവര്‍ത്തിച്ചിട്ടുള്ള ഷെഫീര്‍ മുഹമ്മദ് കളമശ്ശേരിയില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായിരിക്കുകയാണ്.
പ്രചരണരംഗത്ത് മുന്നണികള്‍ക്കൊപ്പം മുന്നേറുന്ന ഷെഫീര്‍ മുഹമ്മദ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ലഭിച്ച അംഗീകാരവും പ്രവര്‍ത്തനത്തില്‍ കരുത്താവുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി വി ഗോപകുമാറും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രേമ ജി പിഷാരടിയും മല്‍സരരംഗത്ത് സജീവമായുണ്ട്.
Next Story

RELATED STORIES

Share it