മേജര്‍ ജനറല്‍ ചമഞ്ഞ് സൈനികാസ്ഥാനത്തിന്റെ ചിത്രമെടുത്തയാള്‍ പിടിയില്‍

കൊല്‍ക്കത്ത: ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സൈന്യത്തിന്റെ ഈസ്റ്റേണ്‍ കമാന്‍ഡ് ആസ്ഥാനമായ വില്യം കോട്ടയ്ക്കകത്ത് ചിത്രങ്ങള്‍ പകര്‍ത്തിയ ആള്‍ അറസ്റ്റില്‍. പ്രോമിത്കുമാര്‍ മിത്ര(48)യാണ് അറസ്റ്റിലായത്.
റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയായ ഇയാളെ ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്ന് മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പോലിസിനു കൈമാറി. ചുവപ്പില്‍ സൈന്യം എന്നെഴുതിയ സ്വകാര്യ കാറിലാണ് മിത്ര സൈനിക മേഖലയില്‍ എത്തിയത്. മേജര്‍ ജനറലിന്റെ യൂനിഫോം ആയിരുന്നു ഇയാള്‍ ധരിച്ചിരുന്നത്. പനാഗഡ് സൈനികതാവളത്തിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫിസറാണു താനെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഇയാള്‍ ചിത്രങ്ങളെടുത്ത് സ്ഥലം വിട്ടശേഷം സൈനിക ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നി. യൂനിഫോമിന്റെ റിബണുകള്‍ തെറ്റായിട്ടാണ് ഇയാള്‍ ധരിച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. മേജര്‍ ജനറലാവാന്‍ ഇയാള്‍ക്ക് പ്രായമാവില്ലെന്നതും സംശയത്തിനിടയാക്കി.
തുടര്‍ന്നായിരുന്നു അറസ്റ്റ്. സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മിത്ര പാര്‍ട്ടികളില്‍ പങ്കെടുത്തതായും പരാതിയുണ്ട്. മിത്രയുടെ പിതാവ് നാവികസേനയില്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it