kozhikode local

മേഖലയില്‍ പരക്കെ അക്രമം

പേരാമ്പ്ര: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ ജില്ലയിലെ വിവിധ മേഖലകളില്‍ സംഘര്‍ ഷം. രാഷ്ട്രീയ പാര്‍ട്ടികളുടെ ആഹ്ലാദ പ്രകടനത്തിനിടെയാ ണ് ആക്രമണമുണ്ടായത്. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും വിജയാഹഌദപ്രകടനത്തിനിടെ പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും പരക്കെ അക്രമം.
കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം പ്രകടിപ്പിക്കുന്നതിനായി ചെറുവണ്ണൂരിലെ മുയിപ്പോത്തില്‍ ബൈക്കില്‍ പ്രകടനവുമായെത്തിയ സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. ഏറെ നേരം സംഘര്‍ഷത്തില്‍ മുയിപ്പോത്ത് ടൗണ്‍ സ്തംഭിച്ചു. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേരാമ്പ്രയില്‍ ആഹ്ലാദ നടത്തിയ ഇടതു മുന്നണി പ്രവര്‍ത്തകര്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് അക്രമിച്ചതായും പരാതിയുണ്ട്. വടകര ചാനിയം കടവ് റോഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ ഓടും മറ്റും നശിച്ചിട്ടുണ്ട്.
വാണിമേല്‍: തിരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരും മുസ്‌ലീം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് പരിക്ക്. മൂന്നു വാഹനങ്ങള്‍ തകര്‍ത്തു. നിരത്തുമ്മല്‍ പീടികയില്‍ ഇന്നലെ ഉച്ചക്കാണ് സംഭവം. കല്ലേറില്‍ തലക്കു പരിക്കേറ്റ കുറ്റിയില്‍ നിഹാലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ ജാഥയായിവന്ന ഇടതുമുന്നണി പ്രവര്‍ത്തകരെ അസഭ്യ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കുറ്റിയില്‍ നിസാറിന്റെ സ്വിഫ്റ്റ് കാര്‍, മുടവന്തേരിയില്‍ നിന്നും വാണിമേലിലേക്ക് വന്ന ഇന്നോവ, ഒരു ബൈക്ക് എന്നിവ അക്രമികള്‍ തകര്‍ത്തു. നാദാപുരം എഎസ്പി കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തെത്തി.
കുറ്റിയാടി: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ കുറ്റിയാടി മേഖലയില്‍ പരക്കെ അക്രമം. കായക്കൊടി പഞ്ചായത്തിലെ പട്ടര്‍കുളങ്ങര യുപി സ്‌കൂളിന് സമീപം പുതുതായി താമസിച്ച വരിക്കോളി രവീന്ദ്രന്റെ വീട്ടില്‍ കയറി രവീന്ദ്രനയെും അമ്മ കമലാക്ഷിയെയും സഹോദരന്‍ ഗോകുലിനെയും സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. സിപിഎം നടത്തിയ ആഹ്ലാദപ്രകടനത്തിനുശേഷം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ പരിക്കുകളോടെ ഗോകുലിനെയും അമ്മയെയും കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിട്ടൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൂനംവള്ളിചാലില്‍ ഉദയന്റെ വീട്ടില്‍ കയറി അമ്മയെയും സഹോദരിയെയും മര്‍ദ്ദിച്ചു. കൂനംവള്ളിചാലില്‍ ശോഭ (60), ഉദയ (25) എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പട്ടര്‍കുളങ്ങരയിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ പുതിയോട്ടില്‍ അര്‍ഷാദിനെ (22)യും നടുപ്പൊയില്‍ യുപി സ്‌കൂളിന് സമീപം എസ്ഡിപിഐ പ്രവര്‍ത്തകന്‍ കക്കുഴി ഫൈസലിനെ(23)യെും മര്‍ദ്ദനമേറ്റ പരുക്കുകളോടെ കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായാണ് പരാതി. വടകര, കുറ്റിയാടി, നാദാപുരം മേഖലകളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ നടത്തിയ സിപിഎം ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് വടകര താലൂക്കില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it