മെസ്സി നയിച്ചു; ഗോളില്‍ ആറാടി ബാഴ്‌സ

മാഡ്രിഡ്: സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സലോണ അപരാജിത കുതിപ്പ് തുടരുന്നു. വ്യത്യസ്ഥ ടൂര്‍ണമെന്റുകളിലായി തുടര്‍ച്ചയായ 37 മല്‍സരങ്ങളാണ് ബാഴ്‌സ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന 29ാം റൗണ്ട് മല്‍സരത്തില്‍ ദുര്‍ബലരായ ഗെറ്റാഫെയെയാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ബാഴ്‌സ ഗോള്‍ മഴയില്‍ മുക്കിയത്.
ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. ലീഗില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ 12ാം വിജയം കൂടിയായിരുന്നു ഇത്. വ്യത്യസ്ഥ ടൂര്‍ണമെന്റുകളില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ എട്ടാം വിജയവുമായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മാസ്മരിക പ്രകടനമാണ് ഗെറ്റാഫെയ്‌ക്കെതിരേ ബാഴ്‌സയ്ക്ക് വമ്പന്‍ ജയം സമ്മാനിച്ചത്.
എന്നാല്‍, പെനാല്‍റ്റിയില്‍ ഒരിക്കല്‍ കൂടി ബാഴ്‌സയ്ക്ക് ലക്ഷ്യം തെറ്റി. 11ാം മിനിറ്റില്‍ മെസ്സിയെടുത്ത പെനാല്‍റ്റി കിക്ക് ഗെറ്റാഫെ ഗോള്‍കീപ്പര്‍ സേവ് ചെയ്യുകയായിരുന്നു. സീസണില്‍ ഇത് എട്ടാം തവണയാണ് പെനാല്‍റ്റി കിക്കില്‍ ബാഴ്‌സയ്ക്ക് പിഴക്കുന്നത്.
പെനാല്‍റ്റി പിഴച്ചെങ്കിലും മല്‍സരത്തില്‍ മുമ്പില്‍ നിന്ന് നയിച്ചത് മെസ്സി തന്നെയായിരുന്നു. കളിയില്‍ ഒരു ഗോള്‍ നേടുന്നതിനോടൊപ്പം ബാഴ്‌സയുടെ മൂന്നു ഗോളുകള്‍ക്ക് വഴിയൊരുക്കിയാണ് മെസ്സി ഹീറോയായത്. ഇരട്ട ഗോളുകളുമായി ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറും ബാഴ്‌സയുടെ വിജയത്തിന് മാറ്റ്കൂട്ടി.
നെയ്മറിന്റെ രണ്ട് ഗോളിനും വഴിയൊരുക്കിയത് മെസ്സിയായിരുന്നു. മെസ്സിയുടെ ക്രോസില്‍ മുനിര്‍ എല്‍ ഹദാദിയും ഹെഡ്ഡറിലൂടെ മല്‍സരത്തില്‍ ലക്ഷ്യം കണ്ടിരുന്നു. 57ാം മിനിറ്റില്‍ ആര്‍ദ ടുറാന്‍ ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
എട്ടാം മിനിറ്റില്‍ യുവാന്‍ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളോടെയാണ് ബാഴ്‌സയുടെ ഗോള്‍ പട്ടിക ചലിച്ച് തുടങ്ങിയത്. 19 മിനിറ്റില്‍ മുനിറും 40ാം മിനിറ്റില്‍ മെസ്സിയും എതിരാളികളുടെ വലകുലുക്കിയപ്പോള്‍ 32, 51 മിനിറ്റുകളില്‍ ലക്ഷ്യത്തിലെത്തിച്ച് നെയ്മര്‍ ഡബിള്‍ തികയ്ക്കുകയായിരുന്നു.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റികോ മാഡ്രിഡ് 3-0ന് ഡിപോര്‍ട്ടീവോ ലാ കൊരുണയെയും സെല്‍റ്റാവിഗോ 1-0ന് റയല്‍ സോസിഡാഡിനെയും തോല്‍പ്പിച്ചപ്പോള്‍ റയോ വല്ലെക്കാനെ-ഐബര്‍ മല്‍സരം 1-1ന് അവസാനിച്ചു.
29 മല്‍സരങ്ങളില്‍ നിന്ന് 75 പോയിന്റുമായാണ് ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 67 പോയിന്റുമായി അത്‌ലറ്റികോ രണ്ടാം സ്ഥാനത്താണ്. ഇരു ടീമിനേക്കാളും ഒരു മല്‍സരം കുറച്ചു കളിച്ച മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് 60 പോയിന്റാണുള്ളത്.
Next Story

RELATED STORIES

Share it