മെയ്ക്ക് ഇന്‍ ഇന്ത്യ: പട്ടേലിന്റെ പ്രതിമനിര്‍മാണം ചൈനയില്‍

ന്യൂഡല്‍ഹി: ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏറെ ഉയര്‍ത്തിക്കാട്ടുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രചാരണം അരങ്ങുതകര്‍ക്കുമ്പോള്‍ ദേശീയതയുടെ പേരിലുള്ള സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമനിര്‍മാണം ചൈനയിലേക്ക്. ഗുജറാത്തിലെ നര്‍മദാ നദീ തീരത്ത് 2989 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന പട്ടേലിന്റെ വെങ്കല പ്രതിമയുടെ നിര്‍മാണമാണ് 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയെ അപഹാസ്യമാക്കും വിധം ചൈനയില്‍ പുരോഗമിക്കുന്നത്.
പ്രതിമനിര്‍മാണവും സ്ഥാപിക്കലും കരാര്‍ ഏറ്റെടുത്ത ലാര്‍സന്‍ ആന്റ് ടൂബ്രോ കമ്പനിയാണ് ബിജെപിയുടെ പുതിയ മാതൃകാ പുരുഷന്റെ പ്രതിമയുടെ നിര്‍മാണം ചൈനയ്ക്കു കൈമാറിയത്.
ന്യൂയോര്‍ക്കിലെ സ്വാതന്ത്ര്യ പ്രതിമയെപോലെ ഇന്ത്യന്‍ ദേശീയതയുടെ അടയാളമെന്ന നിലയ്ക്കു വാഴ്ത്തപ്പെടുന്ന പ്രതിമയാണ് 'ലിബര്‍ട്ടി ഓഫ് യൂനിറ്റി' എന്നു പേരിട്ട സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സര്‍ദാര്‍ സരോവര്‍ പദ്ധതി പ്രദേശത്തു സ്ഥാപിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ പ്രതിമയായ ഇതിന്റെ ഉയരം 182 മീറ്ററാണ്. പൂര്‍ണമായും ശുദ്ധ വെങ്കലത്തിലുള്ള പ്രതിമയ്ക്കു വേണ്ടിയുള്ള അച്ചിന്റെ നിര്‍മാണം ചൈനയിലെ നാന്‍ചാങ് പ്രവിശ്യയിലെ ജിയാന്‍ക്‌സി ടോക്ഗിന്‍ മെറ്റല്‍ ഹാന്‍ഡി ക്രാഫ്റ്റ് എന്ന സ്ഥാപനത്തില്‍ അതീവ രഹസ്യമായി പുരോഗമിക്കുകയാണ്.
51,000 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള പണിശാലയിലാണ് പ്രതിമയ്ക്കു വേണ്ട വാര്‍പ്പു മാതൃക തയ്യാറാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വാര്‍പ്പു മാതൃകയാണ് ഇത്. പ്രതിമനിര്‍മാണം രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി 2018 ഏപ്രിലില്‍ പ്രതിമ അനാച്ഛാദനം ചെയ്യാനാണു തീരുമാനം. നര്‍മദ സരോവര്‍ അണക്കെട്ടിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ആദിവാസികള്‍ക്ക് അനുവദിച്ച നഷ്ടപരിഹാരം ഇതേവരെ നല്‍കിയിട്ടില്ല. ആദിവാസികളെ കുടിയൊഴിപ്പിച്ചതിനു തൊട്ടടുത്താണ് 3000 കോടിയോളം രൂപ ചെലവിട്ട് പ്രതിമ സ്ഥാപിക്കുന്നത്. പ്രതിമ സംസ്ഥാപനത്തിന്റെ കരാര്‍ ഏറ്റെടുത്ത ലാര്‍സന്‍ ആന്റ് ടൂബ്രോ കമ്പനി അത് എവിടെയാണു നിര്‍മിക്കുന്നതെന്ന് ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല.
Next Story

RELATED STORIES

Share it