മെത്രാന്‍ കായല്‍: മന്ത്രിസഭാ തീരുമാനം നടപടിക്രമങ്ങള്‍ പാലിക്കാതെ

തിരുവനന്തപുരം: മെത്രാന്‍ കായലിലെ ടൂറിസം പദ്ധതിക്കു സര്‍ക്കാര്‍ അനുമതി നല്‍കിയത് അസാധാരണ നടപടിയിലൂടെ. നടപടിക്രമങ്ങള്‍ പാലിക്കാതെയാണു മന്ത്രിസഭാ യോഗത്തില്‍ അജണ്ടയിലില്ലാത്ത വിഷയമായി ഇതു പരിഗണിച്ചത്. ബന്ധപ്പെട്ട അഞ്ചു വകുപ്പുകളും എതിര്‍പ്പറിയിച്ചിട്ടും മന്ത്രിസഭ അസാധാരണ നടപടിയിലൂടെ അതിനെ മറികടക്കുകയായിരുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ച മെത്രാന്‍ കായല്‍ പദ്ധതിക്കാണ് ഈ സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയത്. അന്ന് പ്രതിപക്ഷമായിരുന്ന യുഡിഎഫ് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്ന പദ്ധതിയിന്‍മേലാണ് കഴിഞ്ഞ മാസം 25ന് ചേര്‍ന്ന മന്ത്രിസഭായോഗം അസാധാരണ നടപടിയിലൂടെ അനുകൂല തീരുമാനമെടുത്തത്.
അടിയന്തരപ്രാധാന്യമുള്ള വിഷയമാണെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം തേടിയിട്ടില്ലെന്ന കുറിപ്പോടെയാണ് മന്ത്രിസഭ ഫയല്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഇങ്ങനെയൊരു കുറിപ്പോ ഫയലോ ഉത്തരവിറക്കിയ റവന്യൂവകുപ്പ് മന്ത്രിസഭയ്ക്ക് കൈമാറിയിട്ടില്ലെന്നാണ് ആക്ഷേപം.
മെത്രാന്‍ കായല്‍ നികത്തലുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഉചിതമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. അതേസമയം, മെത്രാന്‍ കായല്‍ നികത്താനുള്ള അനുമതി ആദ്യം നല്‍കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. 2010ല്‍ ജൂലൈ 17നാണ് മെത്രാന്‍ കായല്‍ നികത്തലിനും ആറന്‍മുള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനും അനുമതി നല്‍കി പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. വി എസ് സര്‍ക്കാരിന്റെ നാലാംവാര്‍ഷികത്തോടനുബന്ധിച്ച് പ്രാധാന്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിലാണ് ഇവ രണ്ടും ഉള്‍പ്പെട്ടതെന്നും വ്യക്തമായി. വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്. അടുത്ത മന്ത്രിസഭായോഗം വിഷയം പരിഗണിക്കും.
Next Story

RELATED STORIES

Share it