മെത്രാന്‍ കായല്‍ നികത്തലിന് സ്റ്റേ

കൊച്ചി: കുമരകത്തെ മെത്രാന്‍ കായല്‍ നികത്തുന്നതിനു ഹൈക്കോടതിയുടെ സ്‌റ്റേ. കായല്‍ നികത്തല്‍ സംബന്ധിച്ച് രണ്ടു മാസത്തേക്കു തല്‍സ്ഥിതി തുടരാനാണ് ഉത്തരവ്. കുമരകം ഗ്രാമപ്പഞ്ചായത്തിനും റാക്കിന്റോ ഡെവലപ്പേഴ്‌സിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.
ടൂറിസം പദ്ധതിയുടെ ഭാഗമായി റാക്കിന്റോ ഡെവലപ്പേഴ്‌സ് എന്ന കമ്പനിക്ക് ഫൈവ്‌സ്റ്റാര്‍ ഹോട്ടലും റിസോര്‍ട്ടും പണിയുന്നതിനു മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കി റവന്യൂ വകുപ്പ് അഡീഷനല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ നടപടി. മെത്രാന്‍ കായലിന്റെ ഭാഗമായ 7.80 ഹെക്ടറിന്റെ ഉടമ എന്‍ കെ അലക്‌സാണ്ടറാണ് കോടതിയെ സമീപിച്ചത്. നെല്‍കൃഷിയുള്‍പ്പെടെ കൃഷിക്കായി മാത്രം ഉപയോഗിക്കാവുന്ന പ്രദേശമാണിത്. 2008ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമവും നീര്‍ത്തട സംരക്ഷണവും വിനിയോഗവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമവും ലംഘിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. നെല്‍പ്പാടമായതിനാല്‍ മറ്റെന്തെങ്കിലും ഉപയോഗത്തിന് ഇവിടെ അനുമതി നല്‍കുന്നത് തന്റെ ഭൂമിയില്‍ നെല്‍കൃഷി നടത്താനുള്ള അവകാശത്തെ ഹനിക്കലാവുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
നടപടിമൂലമുണ്ടാവുന്ന ഭവിഷ്യത്തുകള്‍ വിലയിരുത്താതെയാണു ജില്ലാ കലക്ടര്‍ നികത്താന്‍ അനുമതി നല്‍കി ഉത്തരവിട്ടിരിക്കുന്നത്. 2008 വരെ കൃഷി ചെയ്തിരുന്ന നിലമാണ് തന്റേത്. ഹരജിക്കാരന് ആവശ്യമെങ്കില്‍ സ്വന്തം ഭൂമിയില്‍ കൃഷിചെയ്യാമെന്നാണ് ജില്ലാ കലക്ടറുടെ നിലപാട്. എന്നാല്‍, 400 ഏക്കര്‍ വരുന്ന ഭൂമി വെള്ളം കയറിക്കിടക്കുന്നതാണ്. കുമരകം തെമോ റിസോര്‍ട്ടിന്റെ ഭാഗമായി മാറുന്ന പാടത്ത് തനിക്കൊറ്റയ്ക്ക് കൃഷിയിറക്കാന്‍ കഴിയില്ലെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it