Editorial

മെത്രാന്‍ കായല്‍ കഥയുടെ ഗുണപാഠം

കോട്ടയം, എറണാകുളം ജില്ലകളിലായി 467 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മെത്രാന്‍ കായല്‍ നിലം നികത്തി വിനോദസഞ്ചാരപദ്ധതി നടപ്പില്‍വരുത്താനുള്ള നീക്കം, കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് ഉപേക്ഷിക്കാന്‍ തന്നെയാണു സാധ്യത. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സിന്റെ പല പ്രമുഖ നേതാക്കളും പദ്ധതിക്ക് എതിരാണ്. ഉത്തരവ് റദ്ദാക്കണമെന്ന് സുധീരന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
സിപിഎമ്മും സിപിഐയും പദ്ധതിയോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. സിപിഎം ഒരു പടികൂടി മുമ്പോട്ടുകടന്ന് നിര്‍ദിഷ്ട സ്ഥലത്ത് കൊടി ഉയര്‍ത്തി. പരിസ്ഥിതിപ്രവര്‍ത്തകരും കായല്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭത്തിലാണ്. ഈ സാഹചര്യത്തില്‍ ഉത്തരവ് റദ്ദാക്കുമെന്ന് ഏതാണ്ട് തീര്‍ച്ചയാണ്.
ഇത് ആശ്വാസകരമായ തീരുമാനം തന്നെ. പക്ഷേ, ഇപ്പോഴും ഈ ഉത്തരവിനു പിന്നിലെ ദുരൂഹത നീങ്ങിക്കിട്ടിയിട്ടില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ എതിര്‍പ്പുകളും ആശങ്കകളും മറികടന്നാണ് റവന്യൂവകുപ്പ് കായല്‍ നികത്താന്‍ ഉത്തരവിട്ടത്. അതിനു പിന്നില്‍ ചില മന്ത്രിമാരുണ്ടെന്നും മന്ത്രിസഭായോഗത്തില്‍ തദ്‌സംബന്ധമായി തര്‍ക്കം നടന്നെന്നും കേള്‍ക്കുന്നു. എന്തുകൊണ്ടാണ് അതിന്റെ വിശദാംശങ്ങള്‍ പുറത്തുവരാത്തത്? മാത്രവുമല്ല, മന്ത്രിസഭയുടെ കാലാവധി അവസാനിക്കാറായ ഘട്ടത്തിലാണ് തിരക്കിട്ട് ഇങ്ങനെയൊരു ഉത്തരവു വരുന്നത് എന്നതും ദുരൂഹം തന്നെ.
കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്തും ഇത്തരമൊരു പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു എന്ന കാര്യം ഇതിനോട് ചേര്‍ത്തുവായിക്കണം. അതും ഭരണം നാലുവര്‍ഷം പൂര്‍ത്തിയാക്കിയശേഷം അധികകാലം ബാക്കിയില്ലാത്ത അവസ്ഥയിലായിരുന്നു. അന്നത്തെ വ്യവസായമന്ത്രി എളമരം കരീം പദ്ധതിക്ക് അനുകൂലമായിരുന്നുവത്രെ. റിയല്‍ എസ്റ്റേറ്റ് ലോബിക്കു വേണ്ടി കൈക്കൊണ്ട ഈ തീരുമാനം വിവാദങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയാണുണ്ടായത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ എതിര്‍ക്കാന്‍ വേണ്ടി മെത്രാന്‍ കായല്‍ നികത്തല്‍ വിഷയം ഇടതുപക്ഷം സജീവ ചര്‍ച്ചയാക്കുന്നുണ്ടെങ്കിലും എല്‍ഡിഎഫിന്റെ കൈകളും ഇക്കാര്യത്തില്‍ ശുദ്ധമല്ല.
ഇടതായാലും വലതായാലും കേരളത്തിലെ രാഷ്ട്രീയമുന്നണികള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഒത്താശക്കാരാണ് എന്ന ദുഃഖസത്യമാണ് മൊത്തം സംഭവങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്നത്. 2006 വരെ കൃഷി ചെയ്തുപോന്ന സ്ഥലമാണ് മെത്രാന്‍ കായല്‍ വയല്‍. പിന്നീട് വിവിധ ബിനാമി കമ്പനികളുടെ പേരില്‍ ഒരു ഗ്രൂപ്പ് സ്ഥലം വിലയ്ക്കു വാങ്ങുകയും സ്ഥലം ദീര്‍ഘകാലം തരിശിടുകയുമാണുണ്ടായത്. കൃഷിനിലം മനപ്പൂര്‍വം തരിശാക്കിയിട്ട് പിന്നീട് കെട്ടിടനിര്‍മാണം ചുളുവില്‍ സാധിച്ചെടുക്കുന്ന വിദ്യ കേരളത്തില്‍ പരക്കെ പ്രയോഗിക്കുന്നുണ്ട്. ഇതിന് ഇരുമുന്നണികളും കൂട്ടുനില്‍ക്കുന്നു എന്നതാണ് മെത്രാന്‍ കായല്‍ കഥയുടെ പാഠം.
Next Story

RELATED STORIES

Share it