മെഡിക്കല്‍ പ്രവേശനപ്പരീക്ഷ ഒഴിവാക്കും; വിദ്യാര്‍ഥികള്‍ക്ക് ജയലളിതയുടെ കിടിലന്‍ വാഗ്ദാനം

ചെന്നൈ: സൗജന്യ മൊബൈല്‍ ഫോണ്‍, വനിതകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് സ്‌കൂട്ടര്‍ തുടങ്ങി ആകര്‍ഷകമായ തിരഞ്ഞെടുപ്പ് വാഗ്ദാന പെരുമഴ പെയ്യുന്ന തമിഴകത്ത് വിദ്യാര്‍ഥികളെ പാട്ടിലാക്കാന്‍ പുതിയ തന്ത്രവുമായി രാഷ്ട്രീയ നേതാക്കള്‍. താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്തുന്നത് ഒഴിവാക്കുമെന്നു പ്രഖ്യാപിച്ച് ജയലളിതയാണ് ഇക്കാര്യത്തില്‍ ഒരുമുഴം മുമ്പേ എറിഞ്ഞത്.
12ാം ക്ലാസ് പരീക്ഷയുടെ ഫലം അടിസ്ഥാനമാക്കി മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം അനുവദിക്കുന്ന നിയമം കൊണ്ടുവരുമെന്നും ജയലളിത പറഞ്ഞു. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ ഏകീകൃത പരീക്ഷയായ നീറ്റ്(നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) നടത്തണമെന്നും സംസ്ഥാനങ്ങളുടെ പ്രവേശനപ്പരീക്ഷകള്‍ നിലനില്‍ക്കില്ലെന്നും കഴിഞ്ഞ തിങ്കളാഴ്ച സുപ്രിംകോടതി വിധി പ്രസ്താവിച്ചിരുന്നു. സ്വകാര്യ കോളജുകള്‍ സ്വന്തം നിലയില്‍ നടത്തുന്ന പ്രവേശനപ്പരീക്ഷകളും കോടതി തടഞ്ഞിട്ടുണ്ട്. നിലവില്‍ തമിഴ്‌നാട് സര്‍ക്കാര്‍ മെഡിക്കല്‍ പ്രവേശനപ്പരീക്ഷകള്‍ നടത്തുന്നില്ല. സംസ്ഥാനത്തെ കൂടുതല്‍ വിദ്യാര്‍ഥികളും സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ സുപ്രിംകോടതിയുടെ പുതിയ ഉത്തരവ് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നതാണ്.
ഈ ആശങ്ക വോട്ടാക്കി മാറ്റുകയാണ് ജയലളിതയുടെ പുതിയ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. വിധി പുനപ്പരിശോധിക്കാന്‍ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്നും ജയലളിത പറഞ്ഞിട്ടുണ്ട്. തൊട്ടുപിന്നാലെ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും സമാന പ്രസ്താവനയുമായി രംഗത്തെത്തി. അധികാരത്തിലെത്തിയാല്‍ പ്രവേശനപ്പരീക്ഷ ഒഴിവാക്കുന്ന നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it