kozhikode local

മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി: വൃക്കയിലെ കല്ലുപൊടിക്കുന്ന യന്ത്രം നിലച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ വൃക്കയിലെ കല്ലുപൊടിക്കുന്ന യന്ത്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. യന്ത്രം പ്രവര്‍ത്തിക്കാന്‍ വേണ്ട ഇലക്ട്രോഡുകള്‍ സ്റ്റോക്കില്ലാത്തതാണ് കാരണമെന്നു പറയുന്നു. ഡിസ്‌പോസിബിള്‍ ഇലക്ട്രോഡ് ഉപയോഗിച്ചാണ് എക്‌സ്ട്രാ കോര്‍പോറിയല്‍ ഷോക്ഡ് വേവ്‌ലിത്തോട്രിപ്‌സി(ഇഎസ്ഡബ്ല്യുഎല്‍)എന്ന കല്ലുപൊടി യന്ത്രം പ്രവര്‍ത്തിക്കുന്നത്. ലേസര്‍ രശ്മികള്‍ ഉപയോഗിച്ചാണ് വൃക്കയിലെ കല്ലുപൊടിക്കുക. കല്ലിന്റെ അവശിഷ്ടങ്ങള്‍ മൂത്രത്തിലൂടെ പുറത്തു പോകും. ശസ്ത്രക്രിയ ആവശ്യമില്ലാത്ത ഈ ചികില്‍സയ്ക്ക് 20 മിനിറ്റു മാത്രമേ ആവശ്യമുള്ളൂ. ചികില്‍സ കഴിഞ്ഞ് 24 മണിക്കൂര്‍ വിശ്രമം മതിയാവും.
സ്വകാര്യ സ്ഥാപനങ്ങള്‍ 20,000 രൂപ മുതല്‍ ഈടാക്കുന്ന ചികില്‍സയ്ക്ക് മെഡിക്കല്‍ കോളജില്‍ 3000 രൂപ മാത്രമാണ് ചിലവ് വരുന്നത്. 12000 രൂപയാണ് ഒരു ഇലക്ട്രോഡിന്റെ വില. ഒരു ഇലക്ട്രോഡ് മൂന്നു രോഗികള്‍ക്കാണ് ഉപകാരപ്പെടുക. ദിവസവും 20 ഓളം രോഗികള്‍ കല്ലുപൊടിക്കാനായി ആശുപത്രിയിലെത്തുന്നു. 100 ഇലക്ട്രോഡിനും ഒരു ഹൈപവര്‍ വോള്‍ട്ടേജ് സ്റ്റെബിലൈസറിനും വേണ്ടി ഏഴു ലക്ഷം രൂപ ആശുപത്രി വികസന സമിതി അനുവദിച്ചിട്ടുണ്ട്. എന്നാലും ഇവ ആശുപത്രിയിലെത്തിയിട്ടില്ല. കുറഞ്ഞ ചിലവില്‍ കല്ലുപൊടിക്കാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നുവരുന്ന രോഗികള്‍ ചികില്‍സ ലഭിക്കാതെ മടങ്ങേണ്ട ഗതികേടിലാണ്. മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് ദിവസേന സൂപ്പര്‍ സ്‌പെഷ്യാലിറ്റി യൂറോളജി വിഭാഗത്തിലെത്തുന്നത്.
Next Story

RELATED STORIES

Share it