kozhikode local

മെഡിക്കല്‍ കോളജ് കാംപസ് ഹൈസ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കോഴിക്കോട്: മെഡിക്കല്‍ കോളജ് കാംപസ് ഹൈസ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. സുവര്‍ണ ജൂബിലി നിറവിലെത്തിയ സ്‌കൂള്‍ പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രാജ്യാന്തര പദവിയിലേക്ക് ഉയര്‍ത്തിയത്. ആസ്തി വികസന നിധിയില്‍ നിന്ന് എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം രണ്ടരകോടി രൂപ സ്‌കൂളിന് അനുവദിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
17 ക്ലാസ് മുറികളും ലാബും സജ്ജീകരിച്ചിട്ടുണ്ട്. 54 ഡിവിഷനുകളിലായി 2,200 കുട്ടികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. 26 ക്ലാസ് മുറികള്‍ മാത്രമാണ് നിലവിലെ കെട്ടിടത്തില്‍ പ്രവൃത്തിക്കുന്നത്. പുതിയ കെട്ടിടം ഉദ്ഘാടനം കഴിയുന്നതോടെ ഇതിനു പരിഹാരമാവും. നടക്കാവ് ഗവ.ഗേള്‍സ് വിഎച്ച്എസ്എസ് മാതൃകയിലാണ് മെഡിക്കല്‍ കോളജ് ക്യാംപസ് ഹൈസ്‌കൂളും പുതിയ കെട്ടിടം പണി കഴിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് കാംപസില്‍ രൂപം കൊണ്ട് ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ 50 വര്‍ഷത്തെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ക്യാംപസ് ഹൈസ്‌കൂള്‍ വികസനത്തിന്റെ പുതു ചരിത്രം കുറിക്കുകയാണ്. പ്രിസം പദ്ധതിയുടെ വിപുലീകരണത്തിനായി ലാബ്, ഗാലറി, സ്‌റ്റേജ്, ക്ലാസ് മുറികള്‍, ടോയ്‌ലറ്റുകള്‍ എന്നിവ നിര്‍മിക്കുന്നതിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.5 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന പ്രിസം പദ്ധതിയുടെ ലക്ഷ്യവുമായി സഹകരിച്ചുകൊണ്ട് കോഴിക്കോട് കോര്‍പറേഷന്‍ അനുവദിച്ച 1.5 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രവൃത്തി, ജൂബിലി ആഘോഷം എന്നിവയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഇന്നു വൈകിട്ട് നാലിന് എ പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ മേയര്‍ വി കെ സി മമ്മദ്‌കോയ ഉദ്ഘാടനം ചെയ്യും. എം കെ രാഘവന്‍ എംപി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
Next Story

RELATED STORIES

Share it