മെഡിക്കല്‍ കോളജുകളുടെ അവസ്ഥ പരിതാപകരം: സുപ്രിംകോടതി; സ്വകാര്യ മെഡിക്കല്‍ കോളജിന് അഞ്ചുകോടി പിഴ 

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോളജുകളുടെ അവസ്ഥ പരിതാപകരമെന്ന് സുപ്രിംകോടതി. 2015-16 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണം 100ല്‍ നിന്ന് വര്‍ധിപ്പിച്ച ഒഡീഷയിലെ കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന സ്വകാര്യ കോളജിന് കോടതി അഞ്ചുകോടി രൂപ പിഴയിട്ടു.
ഈ കോളജിനെതിരായ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസുമാരായ എം ബി ലോകൂര്‍, എന്‍ വി രമണ എന്നിവരടങ്ങിയ ബെഞ്ച് മെഡിക്കല്‍ കോളജുകളെ വിമര്‍ശിച്ചത്. മതിയായ സൗകര്യങ്ങളില്ലാതെ എംബിബിഎസ് വിദ്യാര്‍ഥികളുടെ എണ്ണം 100ല്‍ നിന്ന് 150 ആക്കി വര്‍ധിപ്പിച്ച നടപടി വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്ന് കോടതി വിലയിരുത്തി. ആറ് ആഴ്ചയ്ക്കുള്ളില്‍ പിഴ കോടതിയില്‍ അടയ്ക്കണമെന്നും കോളജിന് കോടതി നിര്‍ദേശം നല്‍കി. ഈ തുക ഒരുതരത്തിലും വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം 2015-16 വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ പ്രവേശനം കോടതി അനുവദിച്ചു. എന്നാല്‍, 2016-17, 2017-18 വര്‍ഷങ്ങളില്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ എണ്ണം 150 ആയി വര്‍ധിപ്പിക്കുന്നത് കോടതി തടഞ്ഞു.
2015-16 വര്‍ഷത്തില്‍ എംബിബിഎസിന് 150 വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത് അനുവദിച്ചുകൊണ്ടുള്ള ഒഡീഷ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവു പുറപ്പെടുവിച്ചത്. മതിയായ സൗകര്യമില്ലാതെയാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതെന്നായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന്റെ വാദം. മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തോടനുബന്ധിച്ചു നടക്കുന്ന വൃത്തികെട്ട കഥയാണിതെന്നാണ് അപ്പീല്‍ പരിഗണിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്. രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ അതത് മന്ത്രാലയങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കോടതി പറഞ്ഞു. മെഡിക്കല്‍ കോളജുകളുടെ എണ്ണത്തെക്കാള്‍ ഗുണനിലവാരമാണു പ്രധാനമെന്നും കോടതി നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it