thiruvananthapuram local

മെഡിക്കല്‍ കോളജില്‍ ഫാനുമായി എത്തണമെന്ന്; മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി ഐസിയുവില്‍ ചികിത്സ വേണമെങ്കില്‍ രോഗി ഫാനും കൊണ്ടുപോകണമെന്ന നിബന്ധനക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി കേസെടുത്തു.
കാര്‍ഡിയോ തൊറാസിക് സര്‍ജറി പ്രോഗ്രസീവ് കെയര്‍ യൂനിറ്റില്‍ എസി പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങളായി. ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് രോഗികളാണ് ചൂട് സഹിക്കാന്‍ കഴിയാതെ പെഡസ്റ്റല്‍ ഫാന്‍ സ്വന്തമായി വാങ്ങിവച്ചത്.
ആശുപത്രി അധികൃതരുടെ നിര്‍ദേശാനുസരണമാണ് ഇത്. ഐസിയുവില്‍ ഫാന്‍ ഉപയോഗിക്കുന്നതിന് 25 രൂപ രോഗികളില്‍ നിന്ന് ഈടാക്കുകയും ചെയ്തു.
സുമന്‍ (47), സദാശിവന്‍ (69), സുനു പ്രഭാകരന്‍ (46), ജനാര്‍ദനന്‍പിള്ള (46), യശോധരന്‍ എന്നിവരാണ് ഐസിയുവില്‍ ചികില്‍സയിലുള്ളത്. 2500 മുതല്‍ 3000 രൂപ വരെ വിലയുള്ള പെഡസ്റ്റല്‍ ഫാനുകളാണ് രോഗികള്‍ വാങ്ങിയത്. ഇത് ഉപയോഗിക്കുന്നതിന് രോഗികള്‍ ആശുപത്രി വികസന സൊസൈറ്റിയില്‍ 25 രൂപ അടച്ച് രസീതുകളും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഫാന്‍ വാങ്ങിയ ബില്ലുകളും പരാതിക്കൊപ്പമുണ്ട്.
എസി ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത ഏറെയാണ്. പൊതുപ്രവര്‍ത്തകനായ പി കെ രാജുവാണ് പരാതിക്കാരന്‍.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ജൂണ്‍ 29നകം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ജെ ബി കോശി നോട്ടീസില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it