kozhikode local

മെഡിക്കല്‍ കോളജില്‍ പുതിയ മോര്‍ച്ചറി കോംപ്ലക്‌സ് വൈകുന്നു

കോഴിക്കോട്: രണ്ടു കോടി ചെലവില്‍ മെഡിക്കല്‍ കോളജില്‍ പുതിയ മോര്‍ച്ചറി കോംപ്ലക്‌സ് സ്ഥാപിക്കുന്നത് വൈകുന്നു. നിലവിലുള്ള മോര്‍ച്ചറിയുടെ സമീപമായാണ് പുതിയ മോര്‍ച്ചറി പണിയുന്നത്. എന്നാല്‍ ആസ്ഥലം ലൈബ്രറിക്കായി വിട്ടുനല്‍കിയത് പുതിയ മോര്‍ച്ചറി കോംപ്ലക്‌സിന് വിനയായി. 400 സ്‌ക്വയര്‍ മീറ്ററുള്ള രണ്ടുനില കെട്ടിടമാണ് വിഭാവനം ചെയ്തിരുന്നത്.
മുകള്‍ നിലയില്‍ ഫോറന്‍സിക് മ്യൂസിയം ഉള്‍പ്പെടുത്താനും പദ്ധതിയിട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം വിട്ടുകിട്ടാന്‍ കാത്തിരിക്കുന്ന ബന്ധുക്കള്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യവും പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്തിരുന്നു. മൃതദേഹം സൂക്ഷിക്കാനുള്ള കോള്‍ഡ് സ്‌റ്റോറേജ് സൗകര്യങ്ങള്‍ നിലവിലുള്ളതിനുപുറമെ പുതിയ കെട്ടിടത്തിലുമുണ്ടാവും. ഭാവിയില്‍ അക്കാദമിക് ആവശ്യങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ടാകും. ആറ് പോസ്റ്റ് മോര്‍ട്ടം മേശകളാണ് മോര്‍ച്ചറിയില്‍ ഇപ്പോഴുള്ളത്. മൂന്നെണ്ണം പതിവ് ഉപയോഗത്തിനും അഴുകിയ മൃതദേഹങ്ങള്‍ക്ക് വേറെ മൂന്നു മേശകളുമുണ്ട്. വര്‍ഷത്തില്‍ 1700 ഓളം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മോര്‍ച്ചറിയാണ് മെഡിക്കല്‍ കോളജ്. സമീപ ജില്ലകളിലെ പല സര്‍ക്കാര്‍ ആശുപത്രികളിലും ബീച്ച് ആശുപത്രിയിലും മോര്‍ച്ചറി സൗകര്യമുണ്ടെങ്കിലും മെഡിക്കല്‍ കോളജിനെയാണ് പോസ്റ്റുമോര്‍ട്ടത്തിന് വരുന്നവര്‍ ആശ്രയിക്കുന്നത്.
ഫോറന്‍സിക് വിഭാഗത്തിലും കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമാണ്. 2011 ല്‍ പുതിയ മോര്‍ച്ചറി കോംപ്ലക്‌സിന് വേണ്ടി ഫോറന്‍സിക് മേധാവി ആരോഗ്യവകുപ്പിന് പദ്ധതി സമര്‍പ്പിച്ചിട്ടും ഇതുവരെ കോംപ്ലക്‌സിനു വേണ്ട നീക്കങ്ങള്‍ നടന്നില്ല. സ്ഥലസൗകര്യമുണ്ടായിട്ടും നടപടികള്‍ വൈകിപ്പിക്കുന്നത് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയോട് കാണിക്കുന്ന അവഗണനയാണെന്ന് വ്യക്തമാണ്.
Next Story

RELATED STORIES

Share it